പാലക്കാട്:പാലക്കാട് വെള്ളിയാര്‍ പുഴയില്‍ പടക്കം കടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം ഓടക്കാലി സ്വദേശി വില്‍സണ്‍ ആണ് അറസ്റ്റിലായത്. അമ്പലപ്പാറയിൽ സ്ഥലം പാട്ടത്തിനെടുത്താണ് വില്‍സണ്‍ കൃഷി ചെയ്യുന്നത്. സ്ഫോടകവസ്തു വച്ചവരെന്ന് സംശയിക്കുന്ന മൂന്നുപേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കാട്ടാനയുടെ ജീവനെടുത്തത് കൃഷിയിടങ്ങളിലെ പന്നിപ്പടക്കമാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. കൈതച്ചക്കയില്‍ സ്ഫോടകവസ്തു നിറച്ചുനല്‍കി ബോധപൂര്‍വം ആനയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനംഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മേയ് 23 ന് വെളളിയാര്‍ പുഴയില്‍ എത്തുന്നതിന് മുന്‍പേ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് പരുക്കേറ്റിരുന്നു. നേരിയ സ്ഫോടനത്തിലാണ് വായില്‍ മുറിവുണ്ടായതെന്നും രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുള്‍പ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നല്‍കുന്നതിന് വനംവകുപ്പ് മുന്‍കൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ മാത്രമാണ് വനപാലകര്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ കഴമ്ബില്ലെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം.