കൊച്ചി: കൊച്ചി നഗര വാസികൾക്കും വേമ്പനാട്ട് കായൽ തീരത്ത് താമസിക്കുന്നവർക്കും അനുഗ്രഹമായി പ്രഖ്യാപിച്ചിട്ടുള്ള കൊച്ചി വാട്ടർ മെട്രോയുടെ ആദ്യം ഘട്ടം 2018 ഓടെ പൂർത്തിയാകും. ഫെബ്രുവരി മാസം അവസാനത്തോടെ വിദഗ്ദ്ധാഭിപ്രായം തേടി പദ്ധതി പെട്ടെന്ന് തന്നെ പ്രാവർത്തികമാക്കാൻ കഴിയുമെന്നാണ് സംസഥാന സർക്കാർ അറിയിച്ചിരിക്കുന്നത്. 2016 ജൂലൈയിൽ പിണറായി വിജയൻ ഉത്‌ഘാടനം നിർവഹിച്ചതിന് ശേഷം പദ്ധതിക്ക് കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല.
പ്രധാന ജെട്ടി നിർമ്മാണത്തിന് 50 സെന്റ് മതിയെന്ന് നേരത്തെ പറഞ്ഞത് ഒരു ഏക്കറാക്കി വർധിപ്പിക്കും. ചെറിയ ജെട്ടി നിർമ്മിക്കാൻ 30 സെന്റ് സ്ഥലം ഏറ്റെടുക്കും. 76 കിലോ മീറ്ററുള്ള വാട്ടർ മെട്രോക്ക് 38 ജെട്ടികളാണുണ്ടാകുക. ഇത് 10 ദ്വീപുകളെ ബന്ധിപ്പിക്കും.747 കോടിയാണ് മൊത്തം പദ്ധതിയുടെ ചിലവ്.
കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് (കെ എം ആർ എൽ) ഉടൻ തന്നെ പദ്ധതിയുടെ വിശദാംശങ്ങള്‍ പുനഃ പരിശോധിക്കുമെന്നും ആറ് മാസത്തിനുള്ളിൽ തന്നെ പണി തുടങ്ങുമെന്നും അറിയിച്ചു. മുമ്പ് 2017 ഓടെ ആദ്യ ഘട്ടം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നിർമ്മാണപ്രവർത്തി ഇനിയും ആരംഭിക്കാൻ കഴിയാത്തതിനാൽ പറഞ്ഞ സമയത്ത് തീർക്കാൻ കഴിയില്ലെന്ന് കെ എം ആർ എൽ പറഞ്ഞു. മൊത്തം പദ്ധതി നാല് വർഷം കൊണ്ട് പൂർത്തിയാക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.