മുംബൈ: അറബികടലില്‍ രൂപം കൊണ്ട് നിസര്‍ഗ ചുഴലികാറ്റ് ഇന്ന് അതിതീവ്ര ചുഴലികാറ്റായി മാറും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയുള്ള ചുഴലികാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.നിസര്‍ഗ മുംബൈ തീരത്തോട് അടുക്കുകയാണ്. ഇന്ന് വൈകിട്ടോടെ മഹാരാഷ്ട്രയുടെ റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാണ് കാറ്റ് തീരത്തേക്ക് വീശുക.അതി തീവ്രമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വടക്കന്‍ മഹാരാഷ്ട്രയുടെ തീരവും ഗുജറാത്തിന്റെ തെക്കന്‍ തീരവും അതീവ ജാഗ്രതയിലാണ്.മുംബൈ, പാൽഗർ, താനെ, റായ്ഗഡ് ജില്ലകളിലും ഗുജറാത്തിലെ സൂറത്ത്, ബറൂച്ച് ജില്ലകളിലും ദാദ്ര നഗർഹവേലിയിലും കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്രയുടെ തീര പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു. ഗുജറാത്തിന്റെ തെക്ക് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.തെക്ക് സിന്ധുദുർഗ് മുതൽ വടക്ക് സൂറത്ത് വരെയുള്ള മഹാരാഷ്ട്ര – ഗുജറാത്ത് തീരത്ത് ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ ഭാഗങ്ങളിൽ കടൽ വെള്ളം ഒന്നര കിലോമീറ്റർ വരെ ഉള്ളിലേയ്ക്ക് കയറാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി താമസിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ രക്ഷാപ്രവർത്തനങ്ങൾക്കായി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മുബൈ വിമാനത്താവളത്തിൽ സർവീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. കൊങ്കൺ പാതയിലൂടെയുള്ള സ്പെഷ്യൽ ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായി റെയിൽവെ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേയ്ക്ക് ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. നിസർഗയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി.രണ്ട് ആഴ്ച്ചക്കുള്ളില്‍ ഇന്ത്യന്‍ തീരത്തേക്ക് വീശിയടിക്കുന്ന രണ്ടാമത്തെ കാറ്റാണ് നിസര്‍ഗ. കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ഏറ്റവും ഭീകരമായ ഉംപുന്‍ ചുഴലികാറ്റ് ബംഗാളിലും ഒഡീഷന്‍ തീരങ്ങളിലും വലിയ നാശനഷ്ടം വിതച്ചിരുന്നു.സംഭവത്തില്‍ നൂറോളം പേര്‍ മരണപ്പെടുകയും ലക്ഷകണക്കിന് ആളുകളെ ഇത് ബാധിച്ചിട്ടുമുണ്ട്. ഒരു ലക്ഷം കോടിയുടെ നാശനഷ്ടമാണ് പശ്ചിം ബംഗാള്‍ മുഖ്യ മന്ത്രി കണക്കാക്കിയിട്ടുള്ളത്.