കൊച്ചി: ഇന്ത്യയിൽ നടക്കുന്ന ആദ്യ ബിനാലെയുടെ മൂന്നാം പതിപ്പായ കൊച്ചി മുസിരിസ് ബിനാലെ 2016- 2017 സന്ദർശിക്കാൻ രാഷ്ട്രപതി പ്രണബ് മുഖർജി കൊച്ചിയിലെത്തുമെന്ന് റിപ്പോർട്ട്. 108 ദിവസം നീണ്ട് നിൽക്കുന്ന മുസിരിസ് ബിനാലെ ഡിസംബർ 12 നാണ് തുടങ്ങിയത്. ഫോമിംഗ് ഇൻ ദ പ്യൂപ്പിൾ ഓഫ് ആൻ ഐ’ എന്നതാണ് കലാകാരൻ സുദർശൻ ഷെട്ടി കൊച്ചി ബിനാലെക്ക് നൽകിയ തലക്കെട്ട്.
ചിത്ര ശാലകളുടെ പ്രദർശനമാണ് കൂടുതലും ഉള്ളതെങ്കിലും ഛായാഗ്രഹണം, കവിത സംഗീതം എന്നീ മേഖലയിലെ കലാകാരന്മാരും അണി നിരക്കുന്നുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നീ വേദികളിലായി പുരോഗമിക്കുന്ന ബിനാലെ രാഷ്ട്രപതിയുടെ വരവോടെ കൂടുതൽ ശ്രദ്ധയാകർഷിക്കുമെന്നാണ് കരുതുന്നത്. കെ വി തോമസ് എം പി യാണ് പ്രസിഡന്റിനെ കൊച്ചിയിലേക്ക് ക്ഷണിച്ചതെന്ന് അറിയുന്നു. മാർച്ച് രണ്ടിനായിരിക്കും പ്രണാബ് മുഖർജി കൊച്ചിക്കാരുടെ ബിനാലെ വേദി സന്ദർശിക്കാനെത്തുക.