Kerala, News

സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിച്ചു;കോഴിക്കോട് സര്‍വ്വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതർ അടിച്ച്‌ തകര്‍ത്തു

keralanews private bus service started in the state and attack against private buses in kozhikkode

കോഴിക്കോട്:ഇന്നലെ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിച്ചു.തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് സര്‍വീസുകള്‍ ആരംഭിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡം പാലിച്ചാണ് സര്‍വീസ്. ഒരു സീറ്റില്‍ ഒരാള്‍ എന്ന നിരക്കിലാണ് യാത്രക്കാരെ കയറ്റുന്നത്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു മണിവരെ ഇടവേളകള്‍ നില്‍കി ജില്ല അതിര്‍ത്തിക്കുള്ളിലാണ് യാത്ര.കൊച്ചി നഗരത്തിലും അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലുമായി അൻപതോളം ബസുകളാണ് സര്‍വീസ് നടത്തുന്നത്. കൊച്ചി നഗരത്തില്‍ ഹൈക്കോടതി, പൂത്തോട്ട, ചോറ്റാനിക്കര ഭാഗത്തേക്ക് സര്‍വീസ് നടത്തുന്നു. ബസ് ഓപറേറ്റേഴ്‌സ് ഫോറം എന്ന സംഘടനയുടെ കീഴിലുള്ള പത്ത് ബസുകളാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്നത്.ഇടുക്കിയിലും 50 ഓളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.രാവിലെ യാത്രക്കാര്‍ വളരെ കുറവാണ്. മലയോര മേഖലകളിലേക്ക് അടക്കം അത്യാവശ്യ സര്‍വീസ് മാത്രമാണ് നടത്തുന്നത്.തിരുവനന്തപുരം നഗരത്തിലും ഏതാനും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം കെ എസ് ആര്‍ ടി സി ബസുകള്‍ക്കൊപ്പം ഇന്നലെ കോഴിക്കോട് സര്‍വ്വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതർ അടിച്ച്‌ തകര്‍ത്തു. കോഴിക്കോട് എരഞ്ഞിമാവില്‍ നിര്‍ത്തിയിട്ട കൊളക്കാടന്‍ ബസുകള്‍ക്ക് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.രാത്രിയിലെത്തിയവര്‍ ബസിന്റെ ചില്ലുകള്‍ അടിച്ച്‌ തകര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. കൊളക്കാടന്‍ ഗ്രൂപ്പിന്റെ ആറ് ബസ്സുകൾ ഇന്നലെ നഗരത്തില്‍ സര്‍വ്വീസ് നടത്തിയിരുന്നു. ഇതിന്റെ ദേഷ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും മറ്റു ബസുടമകള്‍ സര്‍വ്വീസ് നടത്താതിരുന്നപ്പോള്‍ കൊളക്കാടന്‍ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ള ബസുകള്‍ മുക്കം- കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുകയായിരുന്നു.

Previous ArticleNext Article