കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ പശ്ചിമ ബംഗാള്‍ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഒഡീഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ചുഴലിക്കാറ്റ്. ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത കാറ്റും മഴയും തുടരുകയാണ്.ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയില്‍ സുന്ദര്‍ബന്‍ മേഖലയിലൂടെയാവും ഉംപുണ്‍ തീരത്ത് എത്തുക.മണിക്കൂറില്‍ 185 ആണ് ഇപ്പോള്‍ കാറ്റിന്റെ വേഗത. ഉംപുണ്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലും ഒഡീഷയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ കരുതല്‍ എന്നോണം ഇരു സംസ്ഥാനങ്ങളിലും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.വരും മണിക്കൂറുകളില്‍ കാറ്റിന്റെ വേഗത ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രവചനം. അടിയന്തിര സാഹചര്യം നേരിടാന്‍ ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. ശ്രമിക് തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്. ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്.അതേ സമയം ചുഴലിക്കാറ്റുണ്ടാക്കുന്ന ആഘാതം നേരിടാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ തലവനായുള്ള നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി വിലയിരുത്തി.ദേശീയ ദുരന്തനിവാരണ സേനയുടെ 41 സംഘങ്ങളെ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലായി വിന്യസിച്ചിരിക്കുകയാണ്.കാറ്റിലും മഴയിലും തകരാറിലാവുന്ന വൈദ്യുതി, വാര്‍ത്താവിനിമയബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ ഒഡിഷയിലേക്കും ബംഗാളിലേക്കും അയച്ചിട്ടുണ്ട്.