ന്യൂഡൽഹി:കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിന്‍ നാളെ.ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് ട്രെയിൻ സർവീസ് നടത്തുക.വിദ്യാർഥികളും ആരോഗ്യ പ്രവർത്തകരും അടക്കം ട്രെയിനിനായി നിരന്തര ആവശ്യമുയർത്തിയ സാഹചര്യത്തിലാണ് കേരള സർക്കാർ ഇടപെടലിനെ തുടർന്ന് റെയിൽവെ ട്രെയിൻ അനുവദിച്ചത്.നാളെ വൈകിട്ട് 5 മണിക്ക് ട്രെയിൻ പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ലഭിച്ചിരിക്കുന്ന വിവരം.പരിശോധന രാവിലെ മുതൽ ആരംഭിക്കും. ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് മുൻഗണന നൽകിയിട്ടുള്ളത്. നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റുള്ളവർക്കും ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.ട്രെയിൻ ലഭിക്കാത്തതിനാൽ കഴിഞ്ഞ 17ആം തീയതി കേരളത്തിലേയ്ക്ക് നടന്നു പോകുമെന്ന് ഡൽഹി സർവകലാശാലയിലെയടക്കം മലയാളി വിദ്യാർഥികൾ പറഞ്ഞിരുന്നു.അതേസമയം നാളെ രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ പുറപ്പെടും. രാജസ്ഥാനിൽ കുടുങ്ങിയ വിദ്യാർഥികൾ ഉൾപ്പടെയുള്ള മലയാളികൾക്കായാണ് പ്രത്യേക നോൺ എസി ട്രെയിൻ സർവ്വീസ്. ഇവരുടെ യാത്രാ ചെലവ് രാജസ്ഥാൻ സർക്കാർ വഹിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജയ്പൂരിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. രാജസ്ഥാനിൽ ജയ്പൂരിന് പുറമേ ചിറ്റോർഗഡിലും ട്രെയിൻ നിർത്തും. യാത്രക്കാർ അറിയിക്കുന്നതനുസരിച്ച് റെയിൽവെ സ്റ്റേഷനിൽ എത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.