Kerala, News

ഉത്തര്‍പ്രദേശിലേക്ക് ട്രെയിനുണ്ടെന്ന് വ്യാജ പ്രചരണം;കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അതിഥി തൊഴിലാളികള്‍ കൂട്ടമായെത്തി

keralanews group of migrant workers arrived kannur railway station following fake news that train to up

കണ്ണൂർ:ഉത്തര്‍പ്രദേശിലേക്ക് ട്രെയിനുണ്ടെന്ന വ്യാജ പ്രചരണത്തെ തുടർന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അതിഥി തൊഴിലാളികള്‍ കൂട്ടമായെത്തി.രാവിലെ എട്ട് മണിയോടെ വളപട്ടണം ഭാഗത്തുള്ള നൂറോളം അതിഥി തൊഴിലാളികള്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന് കണ്ണൂര്‍ സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഇന്ന് വൈകുന്നേരം ട്രെയിനുണ്ടെന്ന് മൊബൈലില്‍ വിവരം ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നും തൊഴിലാളികള്‍ പറഞ്ഞു.എന്നാല്‍ ആരാണ് ഇത്തരം ഒരു സന്ദേശം നല്‍കിയതെന്ന് വ്യക്തമല്ല.നാട്ടിലേക്ക് മടങ്ങാനായി വസ്ത്രങ്ങളും മറ്റും അടങ്ങിയ വലിയ ബാഗുകളുമായാണ് ഇവര്‍ എത്തിയത്. റെയില്‍വേ ട്രാക്ക് വഴി ഇവര്‍ വന്നതിനാല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇവര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിയപ്പോൾ മാത്രമാണ് ആര്‍ ടി എഫും പോലീസും വിവരങ്ങള്‍ അറിഞ്ഞത്.വളപട്ടണത്തെ ക്യാമ്പിൽ ഭക്ഷണം ലഭിക്കുന്നില്ലെന്നും കൈയില്‍ പണമില്ലെന്നും ചില അതിഥി തൊഴിലാളികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു തവണ മാത്രമാണ് പഞ്ചായത്ത് അധികതര്‍ ക്യാമ്പിലെത്തിയതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഗ്രാമപഞ്ചായത്ത് അധികൃതർ ഇക്കാര്യം നിഷേധിച്ചു. കൃത്യമായ ഭക്ഷണം ഇവര്‍ക്ക് എത്തിച്ചിട്ടുണ്ടെന്നും പലപ്പോഴും നാട്ടില്‍ പോകണമെന്ന് തൊഴിലാളികള്‍ പറയാറുണ്ടായിരുന്നെന്നും ഇവര്‍ പറഞ്ഞു. തൊഴിലാളികളെ ക്യാമ്പിലേക്ക് തന്നെ മടക്കി അയക്കുമെന്ന് പോലീസ് അറിയിച്ചു. കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങി.

Previous ArticleNext Article