തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. ജില്ലക്കുള്ളില്‍ മാത്രമാവും സര്‍വീസുകള്‍ നടത്തുക.സ്വകാര്യ ബസ് ഉടമകള്‍ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്ന് കരുതുകയാണെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിരക്കില്‍ 50% വര്‍ധനയുണ്ടാകും. യാത്രാ സൗജന്യമുള്ള വിഭാഗങ്ങള്‍ കൂടിയ നിരക്കിന്റെ പകുതി നല്‍കേണ്ടി വരും. കെഎസ്ആര്‍ടിസി ബുധനാഴ്ച മുതല്‍ പരമാവധി ഹ്രസ്വദൂര സര്‍വീസ് നടത്തും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയപ്പോള്‍ ജനങ്ങള്‍ സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ രീതിയുമായും ജനങ്ങള്‍ സഹകരിക്കുമെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സര്‍വീസ് നടത്തണോ വേണ്ടയോ എന്ന് സ്വകാര്യ ബസുകളാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.സ്വകാര്യ ബസ് ഉടമകളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. മൂന്ന് മാസക്കാലത്തേക്ക് നികുതി അടക്കേണ്ടതില്ല എന്ന തീരുമാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന് ആ ഇനത്തില്‍ മാത്രം 36 കോടിയുടെ വരുമാന നഷ്ടമാണുണ്ടാകുന്നത്. സ്വകാര്യ ബസുടമകളുമായുള്ള ചര്‍ച്ചയില്‍ നിന്നുണ്ടായ തീരുമാനം അല്ല ഇത്. സമരപ്രഖ്യാപനത്തിനു ശേഷം സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തുകയും സമരം അവര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. പണം ഉണ്ടാക്കലല്ല, അവശ്യ യാത്രകള്‍ക്ക് സൗകര്യം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബസ് ഉടമകളുടെ പ്രയാസം കണക്കിലെടുത്ത് മിനിമം ചാര്‍ജ് 12 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ഒരു കിലോമീറ്ററിന് ഇപ്പോള്‍ 70 പൈസയാണ് മിനിമം ചാര്‍ജ്. ഇത് ഒരു രൂപ പത്ത് പൈസയായി ഉയര്‍ത്തി. കിലോമീറ്ററിനു നാല്‍പ്പത് പൈസയാണ് വര്‍ധിപ്പിച്ചത്. ചാര്‍ജ് വര്‍ധന തല്‍ക്കാലത്തേക്ക് മാത്രമാണ്. കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ ബസില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കുറച്ചതിനാലാണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വന്നത്.എന്നാല്‍ ഡീസലിന്റെ നികുതി ഉള്‍പ്പെടെ എടുത്തു കളയുകയും കൂടുതല്‍ ആനുകൂല്യം നല്‍കുകയും ചെയ്താല്‍ മാത്രമേ സര്‍വീസ് നടത്താന്‍ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് സ്വകാര്യ ബസ് ഉടമകള്‍.