വിജയവാഡ: അമരാവതിയില്‍ നടക്കുന്ന ദേശീയ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ പോകുന്നവഴി നടിയും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എം.എല്‍.എ.യുമായ റോജയെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു. സംഭവം അറിഞ്ഞ് നിരവധി വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവളത്തില്‍ എത്തി. റോജയെ തട്ടിക്കൊണ്ടുപോയെന്ന് അവര്‍ ആരോപിച്ചു.
വനിതാ പാര്‍ലമെന്റ് സംഘടിപ്പിക്കാന്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരിന് ധാര്‍മികമായി യാതൊരു അധികാരവുമില്ലെന്നും താന്‍ സത്യം വിളിച്ചു പറയുന്നത് തടയാനാണ് അറസ്റ്റ് ചെയ്തതെന്നും റോജ കുറ്റപ്പെടുത്തി. വനിതാ പാര്‍ലമെന്റ് തടസ്സപ്പെടുത്താനായിരുന്നു റോജയുടെ ശ്രമമെന്ന് ഭരണകക്ഷിയായ തെലുങ്ക്‌ദേശത്തിന്റെ നേതാക്കള്‍ ആരോപിച്ചു. മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി നിയമസഭയില്‍ നിന്ന് റോജയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മലയാളി മാമന് വണക്കം, ജംനാപ്യാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് റോജ.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാഗരി മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് നിയമസഭയിലെത്തിയത്. പതിനായിരത്തോളം വനിതാ പ്രതിനിധികള്‍ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ പാര്‍ലമെന്റിന് വെള്ളിയാഴ്ചയാണ് തുടക്കമായത്.ഗന്നവാരം വിമാനത്താവളത്തില്‍ ഒരു മണിക്കൂറിലേറെ നേരം തടഞ്ഞുവച്ച റോജയെ പോലീസ് പിന്നീട് ഒരു അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു.