കണ്ണൂർ:അഴീക്കോട് സ്‌കൂളിന് ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ സ്ഥലം എംഎല്‍എ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ വിജിലന്‍സ് പരാതിക്കാരുടെ മൊഴിയെടുത്തു. വിജിലന്‍സിന് പരാതി നല്‍കിയ സിപിഐഎം നേതാവ് കെ പദ്മനാഭന്റെയും മുസ്ലീം ലീഗിനുള്ളില്‍ പരാതി നല്‍കിയ മുന്‍ ലീഗ് നേതാവ് നൗഷാദ് പൂതപ്പാറയുടേയും മൊഴിയാണ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് മൊഴിരേഖപ്പെടുത്തിയത്. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി കെ.എം ഷാജി എം.എല്‍.എ സ്കൂള്‍ മാനേജ്മെന്‍റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയിലാണ് വിജിലന്‍സിന്‍റെ അന്വേഷണം.കേസില്‍ കഴിഞ്ഞ മാസം 18നാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് പരാതിക്കാരില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വി.മധുസൂദനന്‍ മൊഴിയെടുത്തത്. ഷാജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സി.പി.എം നേതാവ് കുടുവന്‍ പത്മനാഭന്‍റെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്.തുടര്‍ന്ന് മുന്‍ ലീഗ് പ്രാദേശിക നേതാവ് നൌഷാദ് പൂതപ്പാറയുടെ മൊഴിയും രേഖപ്പെടുത്തി. ഇതിനിടെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നും വിജിലന്‍സിനെ ഉപയോഗിച്ചുളള രാഷ്ട്രീയ പക പോക്കലിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കെ.എം ഷാജി പറഞ്ഞു. സ്കൂള്‍ മാനേജര്‍ അടക്കമുളളവരുടെ മൊഴിയും ഈ ആഴ്ച തന്നെ രേഖപ്പെടുത്തുമെന്നാണ് സൂചന.