കണ്ണൂർ:കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിച്ച് 40 ദിവസം കഴിഞ്ഞിട്ടും തുടര്‍ച്ചയായ പരിശോധനകളില്‍ രോഗം ഭേദമാവാത്തതിനാല്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി െഎ.സി.യുവില്‍ തുടരുകയാണ് കണ്ണൂർ ചെറുവാഞ്ചേരി സ്വദേശിയായ 82 കാരൻ.ഹൃദ്രോഗവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമുള്ള ഇദ്ദേഹം ഓക്സിജൻ സഹായത്തോടെയാണ് ചികിത്സയില്‍ കഴിയുന്നത്.കോവിഡ് ലക്ഷണങ്ങളോടെ ഏപ്രില്‍ രണ്ടിനാണ് ഇദ്ദേഹത്തെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് ആംബുലന്‍സില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.അഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ചത്.മാര്‍ച്ച് 15ന് വിദേശത്ത് നിന്നെത്തിയ മകളില്‍നിന്നും പേരക്കുട്ടികളില്‍നിന്നുമാണ് കോവിഡ് പകര്‍ന്നതെന്ന് കരുതുന്നു.ഈ കുടുംബത്തിലെ 10 പേര്‍ക്കാണ് അടുത്ത ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചത്.ഒൻപത് പേരും രോഗം ഭേദമായി ആശുപത്രി വിട്ടു.ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എടുക്കുന്ന സാമ്പിളുകൾ പരിശോധനയില്‍ നെഗറ്റിവായാല്‍ ഇദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്ന് ഡി.എം.ഒ ഡോ. നാരായണ നായ്ക് ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ലയില്‍ കോവിഡ് ബാധിച്ച് ഇത്രയധികം ദിവസം ഒരാള്‍ ചികിത്സയില്‍ തുടരുന്നത് ആദ്യമാണ്. ജില്ലയിലെ ഭൂരിഭാഗം രോഗികളും 15 ദിവസത്തിനകം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. നേരത്തെ കോവിഡ് ബാധിച്ച് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വനിത നാലാഴ്ചയോളം കഴിഞ്ഞാണ് ഡിസ്ചാര്‍ജായത്.