വാളയാർ:വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കേരളത്തിലെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിര്‍ത്തിയില്‍ സമരം നടത്തിയ ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം.എം.പിമാരായ രമ്യഹരിദാസ്, വി.കെ. ശ്രീകണ്ഠന്, ടി.എന്‍. പ്രതാപന്, എം.എല്‍.എമാരായ ഷാഫി പറമ്പിൽ,അനില്‍ അക്കര എന്നിവരാണ് നിരീക്ഷണത്തില്‍ പോകേണ്ടത്.അന്ന് സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരും നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദേശമുണ്ട്. ഇക്കഴിഞ്ഞ ഒൻപതാം തിയ്യതിയാണ് വാളയാര്‍ അതിര്‍ത്തി വഴി എത്തിയ മലപ്പുറം ബി.പി അങ്ങാടി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തിവരികയായിരുന്നു ഇയാൾ.കോൺഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധ സമരം നടത്തുന്നതിന് സമീപത്ത് ഇയാളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.അതേസമയം, നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് അനില്‍ അക്കര എം.എല്‍.എ പറഞ്ഞു. നിയമങ്ങള്‍ അടിച്ചേല്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി ജില്ലാ പ്രസിഡന്റും പാലക്കാട് നഗരസഭ ചെയര്‍മാനുമെല്ലാം അവിടെ ഉണ്ടായിരുന്നു. മന്ത്രി എ.സി. മൊയ്തീന് പ്രവാസികളുമായി സംവദിച്ചിരുന്നു. താനും എ.സി. മൊയ്തീനോടൊപ്പം യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സ്വഭാവികമായും തങ്ങള്‍ക്കുള്ള നിയമം അവര്‍ക്കും ബാധകമല്ലേയെന്നും അനില്‍ അക്കര ചോദിച്ചു.