ന്യൂഡൽഹി:നിർണായക തീരുമാനത്തിന് കാതോർത്ത് രാജ്യം.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.മുന്നാംഘട്ട ലോക്ക് ഡൗണ്‍ മെയ് 17ന് അവസാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും.കൂടാതെ ലോക നഴ്‌സസ് ദിനം കൂടിയായ ഇന്ന് കൊറോണ മഹാമാരിക്കെതിരെ മുന്നിരയിൽ നിന്നും പോരാടുന്ന ഭൂമിയിലെ മാലാഖമാരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി തിങ്കളാഴ്ച ആറ് മണിക്കൂര്‍ നീണ്ട കൂടിയാലോചന നടത്തിയിരുന്നു. ഈ വീഡിയോ കോണ്‍ഫറന്‍സിലാണ് ആറ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ആന്ധ്രാ പോലെ ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗൺ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുവായ സാഹചര്യം വിലയിരുത്തി ലോക്ക്ഡൗണ്‍ നീട്ടണമോ അതോ റെഡ്സോണില്‍ മാത്രമായി ലോക്ക്ഡൗണ്‍ തുടരുമോ എന്നതിലും ഇന്ന് തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. ട്രെയിന്‍, വിമാന സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കുന്നത് വൈകുമോ എന്നതിലും തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു. അതിനാല്‍ തന്നെ മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ നാലാം ഘട്ടത്തില്‍ തുടരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.ലോക്ഡൗണിന് ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ എല്ലാവരും തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് 17ന് തീരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം. ഗുരുതരമായ പ്രശ്‌നങ്ങളില്ലാത്ത ഇടങ്ങളില്‍ മെയ് 17ന് ശേഷം ഇളവുകള്‍ വരുത്തുമെന്നാണ് സൂചന.യോഗത്തില്‍ ലോക് ഡൗണ്‍ തുടരണമെന്ന് ആവശ്യപ്പെട്ട സംസ്ഥാനങ്ങള്‍ പോലും ഹോട്‌സ്‌പോട്ട് അല്ലാത്തയിടങ്ങളില്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ ലോക്ഡൗണ്‍ തുടരണമെന്ന നിലപാടാണ് അറിയിച്ചത്. പൊതുഗതാഗതം ആരംഭിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.മെയ് 15ന് മുന്‍പ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്ന് അറിയിക്കണമെന്നും മോദി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുമായി നടത്തിയ ആറാമത്തെ യോഗമാണ് തിങ്കളാഴ്ച നടന്നത്. രാജ്യത്ത് മെയ് 17-ന് മൂന്നാംഘട്ടത്തിന് ശേഷം ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയാല്‍, നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.