കണ്ണൂർ: ശമ്പളമില്ലാതെ 10 ദിവസം നിർബന്ധിത അവധിയെടുക്കാൻ മാനേജ്‍മെന്റ് ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിൽ. അറുപതോളം നഴ്സുമാരാണ് ഇപ്പോള്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇന്നലെ നൈറ്റ് ഡ്യൂട്ടിക്ക് കയറിയ നഴ്സുമാര്‍ ഡ്യൂട്ടിയില്‍ തുടരുകയാണ്. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് നിലവില്‍ ഡ്യൂട്ടിയിലുള്ളവര്‍ ഡ്യൂട്ടിയില്‍ തുടരാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ ഡ്യൂട്ടിക്ക് കയറേണ്ട നഴ്സുമാരാണ് ഇന്ന് സമരത്തിനിറങ്ങിയിരിക്കുന്നത്.പ്രതിമാസം ശമ്പളമില്ലാതെ 10 ദിവസം നിർബന്ധിത അവധിയെടുക്കാൻ മാനേജ്‍മെന്റ് ആവശ്യപ്പെട്ടതായി ഇവർ പറയുന്നു.കൊറോണക്കാലത്ത് മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ വേണമെന്നും നഴ്സുമാര്‍ ആവശ്യപ്പെടുന്നു.കോറോണ കാലത്തുപോലും അവശ്യമായ സുരക്ഷാ മുന്‍കരുതലുകളായ മാസ്കോ, പിപിറ്റി കിറ്റോ ഒന്നും നഴ്സുമാര്‍ക്ക് അനുവദിച്ചിട്ടില്ല. മാസ്ക് ഫാര്‍മസിയില്‍ നിന്ന് പലരും കാശുകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് പത്തു പതിനഞ്ചും ദിവസം ശമ്പളമില്ലാത്ത നിര്‍ബന്ധ അവധിക്ക് പോകാന്‍ മാനേജ്‍മെന്റ് നിര്‍ബന്ധിക്കുകയാണ്. പിരിച്ചുവിടലടക്കമുള്ള ഭീഷണിയും മാനേജ്‍മെന്റ് ഉയര്‍ത്തുന്നുണ്ട്. ലോക്ക്ഡൌണ്‍ കാലമായിട്ടും ആശുപത്രി അധികൃതര്‍ സ്റ്റാഫുകള്‍ക്ക് വാഹന സൌകര്യം നല്‍കിയില്ലെന്ന പരാതിയും ഇവര്‍ ഉയര്‍ത്തുന്നു.