Kerala, News

ലോക് ഡൗണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടില്‍ കേരളം; മേഖലകള്‍ തിരിച്ച്‌ നിയന്ത്രണം മതിയെന്ന് അഭിപ്രായം

keralanews kerala with the opinion not to extend lockdown

തിരുവനന്തപുരം:മൂന്നാംഘട്ട ലോക്ക് ഡൌൺ മെയ് 17 ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രിയുമായി ഇന്ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും.ലോക്ക് ഡൌണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടായിരിക്കും സംസ്ഥാനം സ്വീകരിക്കുക. രോഗവ്യാപനത്തിന്‍റെ തോത് പരിഗണിച്ച് മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് സംസ്ഥാനത്തിന്‍റെ അഭിപ്രായം.സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്.മേയ് പകുതി വരെ ഭാഗിക ലോക്ക് ഡൌണ്‍ വേണമെന്ന നിലപാടായിരുന്നു പ്രധാനമന്ത്രിയുമായി നേരത്തെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം സ്വീകരിച്ചിരുന്നത്. അടുത്ത ഞായറാഴ്ച രാജ്യവ്യാപക ലോക്ക് ഡൌണ്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യവും തുടര്‍കാര്യങ്ങള്‍ സംബന്ധിച്ച നിലപാടും മുഖ്യമന്ത്രി ഇന്നത്തെ വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്രത്തെ അറിയിക്കും.നിലവിലെ സാഹചര്യത്തില്‍ ലോക്ക് ഡൌണ്‍ നീട്ടേണ്ടതില്ലെന്ന അഭിപ്രായമായിരിക്കും കേരളം സ്വീകരിക്കുക. പൊതു ഗതാതഗം പുനരാരംഭിക്കണമെന്നതടക്കമുള്ള ആവശ്യം മുന്നോട്ട് വച്ചേക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഉച്ചകഴിഞ്ഞ് മൂന്നിന് വിഡിയോകോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും.ജനജീവിതം സാധാരണ നിലയിലാക്കാന്‍ വേണ്ടിയുള്ള ഇളവുകള്‍ വേണമെന്നാവശ്യവും സംസ്ഥാനം മുന്നോട്ട് വയ്ക്കും. സാഹചര്യം പരിഗണിച്ച്‌ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കണമെന്നാവശ്യവും കേരളം മുന്നോട്ട് വച്ചേക്കും.കൂടുതല്‍ പ്രവാസികളെ തിരികെയെത്തിക്കാന്‍ അധികവിമാനങ്ങള്‍ അനുവദിക്കണം.മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് വേണ്ടി ട്രെയിന്‍ സര്‍വീസ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിക്കാനാണ് സാധ്യത.പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സാണ്. മൂന്നാംഘട്ട ലോക് ഡൗണ്‍ മേയ് 17ന് അവസാനിക്കും.

Previous ArticleNext Article