കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയിൽ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് റോഡിലിറങ്ങി പ്രതിഷേധിച്ച അതിഥി തൊഴിലാളികള്‍ക്കെതിരെ പൊലിസ് കേസെടുത്തു.കരാറുകാരനടക്കം തമിഴ്നാട് സ്വദേശികളായ 13 അതിഥി തൊഴിലാളികളുടെയും പ്രതിഷേധ വീഡിയോ പ്രചരിപ്പിച്ച വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്റെയും പേരിലാണ് പയ്യന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍മേലാണ് നടപടി.കഴിഞ്ഞ ദിവസമാണ് രാമന്തളിയിലെ ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പിലുണ്ടായ വ്യാജ പ്രചരണത്തെ തുടര്‍ന്ന് പയ്യന്നൂരില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.കലാപത്തിന് പ്രേരണ നടത്തിയെന്ന വകുപ്പടക്കം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.മുപ്പതോളം വരുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പണമില്ലാതായതോടെ പ്രതിഷേധത്തിനിറങ്ങുകയായിരുന്നു എന്നാണ് കരാറുകാരന്റെ വിശദീകരണം.പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുണ്ടായില്ലെന്നും കരാറുകാരന്‍ പറഞ്ഞു. എന്നാല്‍ നാട്ടിലേക്ക് മടങ്ങായ പോകണമെന്ന് മാത്രമാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.എന്നാല്‍ പയ്യന്നൂരിലെ പ്രതിഷേധം ചില വ്യക്തികള്‍ ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. തെരുവിലിറങ്ങി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയാല്‍ മാത്രമേ നാടുകളിലേക്ക് കൊണ്ടുപോവുകയുള്ളൂ എന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തായിനേരി ഉള്‍പ്പടെയുളള മൂന്ന് കേന്ദ്രങ്ങളിലേക്ക് ഈ വിവരമെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ പ്രതിഷേധം നടത്തുകയുമായിരുന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയും ക്യാമ്പുകളിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തു. ഇവര്‍ക്ക് ആരാണ് ഫോണ്‍ ചെയ്തത് എന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതില്‍ രണ്ടുപേരുടെ ഫോണ്‍ നമ്പറുകൾ പൊലീസിന്റെ കൈവശം ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് കരാറുകാരന്‍ ഉള്‍പ്പെടെയുള്ള 14 പേര്‍ക്കെതിരെ കേസെടുത്തത്. ഈ കേസില്‍ സോഷ്യല്‍ മീഡിയയിലുടെ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.