ആന്ധ്രാപ്രദേശ്:വിശാഖപട്ടണത്തെ പോളിമർ കമ്പനിയിലുണ്ടായ വാതകചോര്ച്ചയില് മരിച്ചവരുടെ എണ്ണം പത്തായി. 316 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 80 പേരുടെ നില ഗുരുതരമായി തുടരുകയാണ്.പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എല്‍ജി പോളിമര്‍ പ്ലാന്റില്‍ രാസവാതക ചോര്‍ച്ച ഉണ്ടായത്.പ്ലാസ്റ്റിക് ഉത്പനങ്ങള്‍ നിര്‍മിക്കുന്ന കമ്ബനിയില്‍ നിന്നാണ് വാതകം ചോര്‍ന്നത്. അപകടസമയത്ത് ഇവിടെ 50 ജീവനക്കാരുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ നാല്‍പ്പത് ദിവസമായി കമ്പനി അടഞ്ഞുകിടക്കുകയാണ്. ഇന്ന് തുറന്ന് പ്രവര്‍ത്തിക്കാനിരിക്കവയാണ് ദുരന്തമുണ്ടായത്.ഇവിടെ കെട്ടിക്കിടന്ന അയ്യായിരം ടണ്ണോളം അസംസ്കൃത വസ്തുക്കള്‍ക്ക് രാസപ്രവര്‍ത്തനം സംഭവിച്ചാണ് വാതകച്ചോര്‍ച്ച ഉണ്ടായതെന്നാണ് നിഗമനം.സമീപഗ്രാമങ്ങളില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ സ്റ്റെറീന്‍ പരന്നു. പലരും ഉറക്കത്തിലായിരുന്നു.ചിലര്‍ ബോധരഹിതരായായി തെരുവുകളില്‍ വീണു.പലര്‍ക്കും തൊലിപ്പുറത്ത് പൊളളലേറ്റു.ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായി. പുക നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ജനങ്ങളെ ഒഴുപ്പിക്കാനായി വീടുകളിലേക്ക് കയറാനായില്ല.വാതകച്ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ദേശീയ ദുരന്തനിവാരണസേന വീടുകളില്‍ നിന്ന് ആളുകളെ മാറ്റിയത്. മുന്നൂറോളം പേരാണ് നിലവില്‍ ചികിത്സയിലുളളത്. ഇരുപതോളം ഗ്രാമങ്ങള്‍ ഇതിനോടകം ഒഴിപ്പിച്ചു. വാതകച്ചോര്‍ച്ച നിയന്ത്രണവിധേയമെന്ന് ആന്ധ്ര ഡിജിപി അറിയിച്ചു. മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി വിശാഖപട്ടണത്തെത്തി സ്ഥിതി വിലയിരുത്തി. വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ സഹായധനം പ്രഖ്യാപിച്ചു.