കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന പ്രവാസികള്‍ ഇന്ന് മുതല്‍ തിരികെയെത്തിത്തുടങ്ങും. പ്രവാസികളുടെ ആദ്യ സംഘം ഇന്ന് മുതല്‍ നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും എത്തും.ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്കും, അബൂദബിയിൽ നിന്ന് കൊച്ചിയിലേക്കുമാണ് ഇന്ന് പ്രവാസികൾ മടങ്ങിയെത്തുക. ഒരോ വിമാനത്തിലും പരമാവധി 178 യാത്രക്കാരുണ്ടാകും. റിയാദിൽ നിന്ന് കോഴിക്കോട്ടേക്കും, ദോഹയിൽ നിന്നും കൊച്ചിയിലേക്കും പ്രഖ്യാപിച്ച വിമാനങ്ങൾ അടുത്ത ദിവസങ്ങളിലേക്ക് മാറ്റിവെക്കുകയായിരുന്നു.ദുബായില്‍ നിന്നും പ്രവാസികളുമായി എത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനം ഇന്ന് രാത്രി 10. 30 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുക. കോഴിക്കോട് ജില്ലയുള്‍പ്പെടെ ഒന്‍പത് ജില്ലകളിലെ യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടാകും.അബുദാബിയില്‍ നിന്നും പ്രവാസികളുമായി വരുന്ന വിമാനം രാത്രി 9.40 നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുക.റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെ മെഡിക്കൽ സ്ക്രീനിങ് നടത്തി രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ വിമാനത്തിൽ പ്രവേശിപ്പിക്കുകയുള്ളു.ഇതിനായി അഞ്ച് മണിക്കൂർ നേരത്തേ യാത്രക്കാർ എയർപോർട്ടിൽ എത്തണം.പിപിഇ കിറ്റുമായി എത്തുന്ന യാത്രക്കാർക്ക് മാത്രമാണ് വിമാനത്താവളം ടെർമിനലിന് അകത്തേക്ക് പ്രവേശനം അനുവദിക്കൂ എന്ന് ദുബൈ എയർപോർട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളെ ടെർമിനലിലേക്ക് പ്രവേശിപ്പിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി. മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഹോട്ടല്‍ സൗകര്യം വേണ്ടവര്‍ക്ക് പണം ഈടാക്കി അത് നല്‍കും. മറ്റുള്ളവര്‍ക്കുള്ള നിരീക്ഷണ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി.