വിജയവാഡ: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായശാലയില്‍നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ച് എട്ടുപേർ മരിച്ചു.വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്‍ഡസ്ട്രീസില്‍ നിന്നാണ് രാസവാതകം ചോര്‍ന്നത്. വ്യാവസായിക മേഖലയിലാണ് ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് ചോര്‍ച്ച ഉണ്ടായത്.ആയിരത്തോളം പേരെ ആശുപത്രിയിലേക്ക് മാറ്റി. വിഷവാതകം ചോർന്നതോടെ ചിലർക്ക് കണ്ണിന് നീറ്റലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ഇത്തരത്തിൽ 200ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ അഗ്നിശമന യൂനിറ്റും പൊലീസും സ്ഥലത്തെത്തി.സമീപത്തുള്ള വീടുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആളുകളെ വീടുകളിൽ നിന്നൊഴിപ്പിക്കുകയാണ്. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട് പലരും തെരുവിൽ കിടക്കുകയാണ്.ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്.അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വാതകം വ്യാപിച്ചിട്ടുണ്ട്. വിഷവാതകം ശ്വസിച്ച് ആളുകള്‍ റോഡുകളില്‍ തളര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.പോലീസ് നിര്‍ദേശം നല്‍കിയിട്ടും പ്ലാന്‍റിന് സമീപത്തെ ജനങ്ങളില്‍നിന്നു പ്രതികരണമുണ്ടാകാത്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ ബോധരഹിതരായി കിടക്കുകയാണോ എന്നു ആശങ്കയുണ്ട്. ആളുകളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്ലാസ്റ്റികും അനുബന്ധ വസ്തുക്കളും നിര്‍മിക്കുന്ന ഫാക്ടറിയില്‍നിന്നാണ് വാതകം ചോര്‍ന്നത്. 1961ല്‍ ഹിന്ദുസ്ഥാന്‍ പോളിമേര്‍സ് എന്ന പേരിലാണ് ഈ സ്ഥാപനം തുടങ്ങുന്നത്. 1997ല്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജി ഏറ്റെടുക്കുകയായിരുന്നു.