Kerala, News

കണ്ണൂർ ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളിലെ റേഷന്‍ കടകളുടെ മേല്‍നോട്ട ചുമതല അധ്യാപകര്‍ക്ക് നൽകിക്കൊണ്ട് കളക്ടര്‍ ഉത്തരവിറക്കി

keralanews collector issued order giving supervision charge of ration shops to teachers in hotspots in kannur district

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ അധ്യാപകര്‍ക്ക് റേഷന്‍ കടകളുടെ മേല്‍നോട്ടത്തിന്‍റെ ചുമതല നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ കൊവിഡ് ഹോട്ട്സ്പോട്ടായ ഇടങ്ങളില്‍ ഭക്ഷ്യവിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി . റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പാക്കുക, ഹോംഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് അധ്യാപകരുടെ പ്രധാന ചുമതല.ഹോട്ട്സ്പോട്ടുകളിലെ ഓരോ റേഷന്‍ കടകളിലും അധ്യാപകര്‍ ഹോം ഡെലിവറി മേല്‍നോട്ടം വഹിക്കണമെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു . അതത് പ്രദേശങ്ങളിലെ അധ്യാപകരെയാണ് അതാതിടങ്ങളില്‍ നിയമിക്കുക. നിലവില്‍ യുപി തലം വരെയുള്ള അധ്യാപകരെ നിയമിക്കാനാണ് തീരുമാനം. കണ്ണൂര്‍ ജില്ലയിലെ പാട്യം, മാടായി, പാപ്പിനിശ്ശേരി, ചെങ്ങളായി, മുഴുപ്പിലങ്ങാട്, കതിരൂര്‍ ഉള്‍പ്പെടെ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിക്കപ്പെട്ട 21 ഗ്രാമപഞ്ചായത്തുകളിലാണ് അധ്യാപകര്‍ക്ക് റേഷന്‍ കടകളില്‍ ചുമതല നല്‍കുന്നത്. വാര്‍ഡ് മെമ്പറും കുടുംബശ്രീ പ്രവര്‍ത്തകരും വീടുകളില്‍ എത്തി കിറ്റ് വിതരണം ചെയ്യണം. അധ്യാപകരുടെ സാന്നിധ്യത്തില്‍ ആയിരിക്കണം കിറ്റ് വിതരണം എന്നും നിര്‍ദ്ദേശമുണ്ട്.കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് കാര്‍ഡ് ഉടമകളില്‍ നിന്ന് യാതൊരുവിധ പ്രതിഫലവും കൈ പറ്റുന്നില്ല എന്ന് പ്രത്യേകം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടറുടെ ഉത്തരവിലുണ്ട്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പ്രതിരോധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കണമെന്ന് കേന്ദ്ര നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

Previous ArticleNext Article