Kerala, News

ലോക്ക് ഡൗണ്‍ ഇളവുകളില്‍ വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ നിർദേശങ്ങൾ പുറത്തിറക്കി

keralanews state government has released new guidelines to clarify the lockdown exemptions

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളില്‍ വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. ഗ്രീന്‍ സോണുകള്‍ കേന്ദ്രീകരിച്ച്‌ ഇളവുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശം. അതേസമയം ഹോട്ട് സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരും. പൊതു ഗതാഗതം ഒരു സോണിലും അനുവദിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.ഗ്രീന്‍ സോണിലടക്കം ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടീ പാര്‍ലറുകളും തുറക്കില്ല. തിയേറ്റര്‍, ബാര്‍, ആരാധനാലയങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. ഗ്രീന്‍ സോണുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷകള്‍ക്ക് മാത്രമായി തുറക്കാമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.കണ്ണൂര്‍,കോട്ടയം ജില്ലകളില്‍ ഇളവുണ്ടാകില്ല. സംസ്ഥാനത്തെ 84 ഹോട്ട്സ്പോട്ടുകളിലും ഇളവുണ്ടാകില്ല. ഇളവുകള്‍ പ്രകാരം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാം. ഈ സമയത്ത് കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ രാത്രി സഞ്ചാരം ഒരു കാരണവശാലും അനുവദിക്കില്ല. നിശ്ചിത സ്ഥലങ്ങളില്‍ പ്രഭാത സവാരിക്കുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ കാറുകളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളു. ഇരുചക്ര വാഹനത്തില്‍ ഒരാള്‍ മാത്രമേ പാടുള്ളൂവെന്നും നിബന്ധനയില്‍ പറയുന്നുണ്ട്.പ്രവാസികളുടെ തിരിച്ച്‌ വരവിലും വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നുണ്ട്. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകും. രോഗ ലക്ഷണം ഇല്ലെങ്കില്‍ വീട്ടില്‍ പോകാം.വീട്ടില്‍ നിരീക്ഷണം നിര്‍ബന്ധമാണ്. രോഗം പിടിപെടാന്‍ സാധ്യത ഉള്ളവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറണം. സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ താമസിക്കാം. അവിടെയും നിരീക്ഷണം നിര്‍ബന്ധമാണ്. വിദേശത്ത് നിന്ന് എത്തുന്നവര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് ഉറപ്പാക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

Previous ArticleNext Article