Kerala, News

റെഡ് സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

keralanews strict restriction continued in hotspot places in red zone districts in kerala says pinarayi vijayan

തിരുവനന്തപുരം: റെഡ് സോണിലെ ജില്ലകളിലെ ഹോട്ട്സ്പോട്ട് (കണ്ടയിന്‍മെന്‍റ് സോണ്‍) പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും.ഹോട്ട്സ്പോട്ടുകള്‍ ഉള്ള നഗരസഭകളുടെ കാര്യത്തില്‍ അതത് വാര്‍ഡുകളാണ് അടച്ചിടുക. പഞ്ചായത്തുകളുടെ കാര്യത്തില്‍ പ്രസ്തുത വാര്‍ഡും അതിനോട് കൂടിച്ചേര്‍ന്നു കിടക്കുന്ന വാര്‍ഡുകളും അടച്ചിടും. ഗ്രീന്‍ സോണ്‍ ജില്ലകളിലും പൊതുവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്നും കേന്ദ്ര സര്‍ക്കാര്‍ പൊതുവായി അനുവദിച്ച ഇളവുകള്‍ നടപ്പാക്കുമ്പോൾ തന്നെ സംസ്ഥാനത്ത് ചില കാര്യങ്ങളില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ഉത്തരവ് പ്രകാരം മെയ് 17 വരെയാണ്  ലോക്ക് ഡൗണ്‍.ജില്ലകളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. 21 ദിവസമായി കൊവിഡ് പോസിറ്റീവ് ഇല്ലാത്ത ജില്ലകളാണ് ഗ്രീന്‍ സോണ്‍. കേന്ദ്രത്തിന്റെ പട്ടിക അനുസരിച്ച്‌ എറണാകുളം, വയനാട് ജില്ലകള്‍ ഗ്രീന്‍ സോണിലാണ്. വയനാട്ടില്‍ ഇന്നലെ പോസിറ്റീവ് കേസ് വന്നതിനാല്‍ ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റി.21 ദിവസത്തിലേറെയായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണിലേക്ക് മാറ്റി. നിലവില്‍ കൊവിഡ് പോസിറ്റീവ് രോഗികള്‍ ചികിത്സയിലില്ലാത്ത ജില്ലകളാണിവ. കണ്ണൂരും കോട്ടയവും റെഡ് സോണില്‍ തുടരും.മറ്റ് ജില്ലകള്‍ ഓറഞ്ച് സോണിലാണ്. സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കല്‍ മാറ്റും. റെഡ് സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം കര്‍ശനമായി തുടരും.മറ്റ് പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും. ഹോട്ട്‌സ്‌പോട്ടുകളായ നഗരസഭകളില്‍ വാര്‍ഡോ ഡിവിഷനോ ആണ് അടച്ചിട്ടത്. ഇത് പഞ്ചായത്തുകളില്‍ കൂടി വ്യാപിപ്പിക്കും.

അനുവദനീയമല്ലാത്ത കാര്യങ്ങള്‍ (ഗ്രീന്‍ സോണുകളില്‍ ഉള്‍പ്പെടെ):
1. പൊതുഗതാഗതം അനുവദിക്കില്ല.
2. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല (ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ).
3. ടൂവീലറുകളില്‍ പിന്‍സീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ കാര്യത്തിനായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കും (ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ).
4. ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ പാടില്ല.
5. സിനിമാ തിയറ്റര്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയിലുള്ള നിയന്ത്രണം തുടരും.
6. പാര്‍ക്കുകള്‍, ജിംനേഷ്യം തുടങ്ങിയവ ഉണ്ടാകില്ല.
7. മദ്യഷാപ്പുകള്‍ ഈ ഘട്ടത്തില്‍ തുറന്ന് പ്രവര്‍ത്തിക്കില്ല.
8. മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ ഉണ്ടാവില്ല. എന്നാല്‍, ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി സുരക്ഷാ മാനണ്ഡങ്ങള്‍ പാലിച്ച്‌ ജോലി ചെയ്യാവുന്നതാണ്.
9. വിവാഹ/മരണാനന്തര ചടങ്ങുകളില്‍ ഇരുപതിലധികം ആളുകള്‍ പാടില്ല.
10. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷാ സംബന്ധമായ ജോലികള്‍ നടത്തേണ്ടിവന്നാല്‍ അതിനു മാത്രം നിബന്ധനകള്‍ പാലിച്ച്‌ തുറക്കാവുന്നതാണ്.
11. ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കും. കടകളോ ഓഫീസുകളോ ഒന്നും തുറക്കാന്‍ അനുവദിക്കില്ല. ( അടുത്ത ആഴ്ച മുതല്‍ പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമാക്കും) വാഹനങ്ങളും അന്ന് പുറത്തിറങ്ങാന്‍ പാടില്ല. മുഴുവന്‍ ജനങ്ങളും അതുമായി സഹകരിക്കണം.
12. അവശ്യ സര്‍വ്വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ നിലവിലെ രീതിയില്‍ തന്നെ മെയ് 15 വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാകേണ്ടതാണ്.

Previous ArticleNext Article