Kerala, News

സ്വകാര്യ അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും

keralanews online classes will be started in private unaided schools from the first week of june

കൊച്ചി: സ്വകാര്യ അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ ജൂണ്‍ ആദ്യവാരം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കെ.ജി. മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് ആരംഭിക്കുക. മെയ്‌ രണ്ടാംവാരം മുതല്‍ അദ്ധ്യാപകര്‍ക്കായി പത്തുദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നല്‍കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യയനം ആരംഭിക്കുന്നത് വൈകുന്നത് കണക്കിലെടുത്താണ് ഈ തീരുമാനങ്ങള്‍.കോവിഡ് ഭീതി മറികടക്കാനാവുമെങ്കില്‍ ഓഗസ്റ്റ് മുതല്‍ മാര്‍ച്ച്‌ വരെയുള്ള എട്ടുമാസം പൊതു അവധി ദിവസങ്ങള്‍ വെട്ടിക്കുറച്ചും ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമാക്കിയും 190 പ്രവൃത്തിദിവസമാക്കി അക്കാദമിക് കലണ്ടര്‍ തയ്യാറാക്കാനാണ് ആലോചന. സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ജയന്തി, സമാധിദിനങ്ങള്‍ പ്രവൃത്തിദിവസമാക്കും. ഓണം, ക്രിസ്മസ് അവധികള്‍ വെട്ടിച്ചുരുക്കിയും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് രാമദാസ് കതിരൂര്‍ അറിയിച്ചു.എന്നാല്‍ ഇതിനെല്ലാം സര്‍ക്കാരുകളുടെ അനുമതി വേണം.നിലവിലെ സാഹചര്യത്തില്‍ ഈ ഇളവുകള്‍ സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സര്‍ക്കാരും അധ്യയന വര്‍ഷം വൈകുമെന്ന് തിരിച്ചറിയുന്നുണ്ട്.അവരും ബദല്‍ ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്.

Previous ArticleNext Article