Kerala, News

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

keralanews covid confirmed in three persons in kannur today

കണ്ണൂര്‍: ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. രണ്ടു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്.ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 116 ആയി.മാര്‍ച്ച്‌ 17ന് ഐഎക്‌സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ മൂര്യാട് സ്വദേശിയായ 21 കാരനും മാര്‍ച്ച്‌ 21ന് ഐഎക്‌സ് 434 ല്‍ നെടുമ്പാശ്ശേരി വഴിയെത്തിയ ചെറുവാഞ്ചേരി സ്വദേശിനിയായ 20കാരിയുമാണ് ദുബൈയില്‍ നിന്നെത്തിയ രണ്ടു പേര്‍. മൂര്യാട് സ്വദേശിയായ 40കാരനാണ് സമ്പർക്കത്തിലൂടെ രോഗബാധിതനായത്. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ ഏപ്രില്‍ 26നാണ് മൂന്നു പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്.അതിനിടെ, ജില്ലയില്‍ നിന്ന് രണ്ടു പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആശുപത്രിവിട്ടവരുടെ എണ്ണം 66 ആയി.ജില്ലയില്‍ നിലവില്‍ 2552 പേരാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 49 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴ് പേരും ജില്ലാ ആശുപത്രിയില്‍ 14 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 33 പേരും വീടുകളില്‍ 2449 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 2960 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2801 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 2626 എണ്ണം നെഗറ്റീവാണ്. 159 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Previous ArticleNext Article