ന്യൂഡല്‍ഹി: രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ തുടരേണ്ടി വരുമെന്ന് സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി.തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്തിടത്ത് കൂടുതല്‍ ഇളവ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളെല്ലാം പരിഗണിച്ച് അന്തിമതീരുമാനം പിന്നീട് പ്രഖ്യാപിക്കും.യോഗത്തില്‍ സംസാരിച്ച നാല് മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൌൺ പിന്‍വലിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തുടങ്ങിയത്. ഇന്ന് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരമില്ലാത്തതിനാല്‍ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തില്‍ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ യോഗത്തില്‍ നിലപാടെടുത്തത്. നേരത്തേ നടന്ന ചര്‍ച്ചകളില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്ന ഒൻപത് മുഖ്യമന്ത്രിമാര്‍ക്കാണ് ഇന്നത്തെ യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ തുടരണമെന്ന നിലപാട് ഏഴ് സംസ്ഥാനങ്ങള്‍ സ്വീകരിച്ചെങ്കിലും ആ നിര്‍ദേശം നിലവില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. പലയിടങ്ങളിലും നിലവില്‍ മേഖല തിരിച്ച് കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ ഇളവ് നല്‍കിയിട്ടുണ്ട്.എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക വേണ്ട എന്നാണ് ഇന്നത്തെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. എന്നാല്‍ നിലവില്‍ പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലെ ചില ചട്ടങ്ങളെങ്കിലും ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗത്തില്‍ പറഞ്ഞു. ഇത് അനുവദിക്കാനാകുന്നതായിരുന്നില്ല. ഒരു കാരണവശാലും ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിക്കരുതെന്നും കേന്ദ്രം പരമാവധി ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ യോഗത്തില്‍ ആവശ്യപ്പെട്ടു.
India, News
രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക്ഡൗണ്‍ തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി
Previous Articleകണ്ണൂരിലും കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്