തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പളം ജീവനക്കാര്‍ക്ക് തിരികെ നല്‍കാന്‍ പല വഴികളുമുണ്ടെന്നും തിരിച്ചു നല്‍കേണ്ട മാര്‍ഗം സാമ്പത്തിക സ്ഥിതി അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.ശമ്പളം പിടിക്കാനുള്ള ഉത്തരവ് തിരുത്തേണ്ട സാഹചര്യമില്ലെന്നും ശമ്പളം കട്ട് ചെയ്യുന്നതല്ല മാറ്റിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.250 കോടി രൂപ മാത്രമാണ് ഏപ്രില്‍ മാസത്തെ വരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജീവനക്കാരുടെ ശമ്പളം കൊടുക്കാന്‍ പോലും വരുമാനമില്ല. അധ്യാപകര്‍ സാലറി ചാലഞ്ച് ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുന്നത് കണ്ടു. ദൌര്‍ഭാഗ്യകരമായ കാര്യമാണിത്. എന്താണ് ഈ അധ്യാപകര്‍ യുവതലമുറക്ക് നല്‍കുന്ന സന്ദേശമെന്നും മന്ത്രി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യുകയാണ് ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജീവനക്കാരില്‍ നിന്ന് അലവന്‍സ് അടക്കമുള്ള മൊത്ത ശമ്പളത്തിൽ നിന്നാണു സര്‍ക്കാര്‍ തുക മാറ്റിവയ്ക്കുക. 20,000 രൂപ വരെ മൊത്ത ശമ്പളമുള്ള കാഷ്വല്‍ സ്വീപ്പര്‍മാ൪, ദിവസവേതനക്കാ൪, താത്കാലിക ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ലെന്നും മന്ത്രി അറിയിച്ചു.