Kerala, News

സ്പ്രിംഗ്ലര്‍ കരാറില്‍ സര്‍ക്കാരിന് താത്കാലികാശ്വാസം;കര്‍ശന ഉപാധികളോടെ കരാര്‍ തുടരാന്‍ അനുമതി

keralanews temporary relief for govt in sprinklr issue permission to continue contract with strict conditions

എറണാകുളം:വിവാദമായ സ്പ്രിംഗ്ലര്‍ കരാറില്‍ സര്‍ക്കാരിന് താത്കാലികാശ്വാസം.കര്‍ശന ഉപാധികളോടെ കരാർ തുടരാൻ ഹൈക്കോടതി അനുമതി നല്‍കി. വ്യക്തിഗത വിവരങ്ങളും ആളുകളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളും സ്പ്രിന്‍ക്ലറിന് കൈമാറരുതെന്നും കോടതി വ്യക്തമാക്കി.ഇടക്കാല ഉത്തരവിലുടെയാണ് ഹൈക്കോടതി നടപടി. സ്വകാര്യതാ ലംഘനമുണ്ടായാല്‍ വിലക്കും, വാണിജ്യ ആവശ്യങ്ങള്‍ക്ക് ഡാറ്റ ഉപയോഗിക്കരുത്, വിവരശേഖരണത്തിന് വ്യക്തികളുടെ സമ്മതപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കി.സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.മൂന്നാഴ്ചക്ക് ശേഷം ഹരജികള്‍ വീണ്ടും പരിഗണിക്കും. സര്‍ക്കാരെടുത്ത പല നിലപാടുകളോടും യോജിക്കാനാകില്ല.കരാറില്‍ സന്തുഷ്ടിയില്ല. സ്പ്രിംഗ്ലറിന് നല്‍കുന്ന പേര്, മേല്‍വിലാസം, ഫോണ്‍ നമ്പർ എന്നിവ രഹസ്യമായി സൂക്ഷിക്കണമെന്നും ആധാര്‍ വിവരങ്ങള്‍ സ്പ്രിംഗ്ലറിന് നല്‍കരുതെന്നും കോടതി വ്യക്തമാക്കി. സ്പ്രിംഗ്ലറെ കൂടാതെ ഡാറ്റാ ശേഖരണം നടക്കില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. അതുകൊണ്ട് മാത്രം കോടതി ഇപ്പോള്‍ ഇടപെടുന്നില്ല. എല്ലാ വ്യക്തിവിവരങ്ങളും രഹസ്യമാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.സ്പ്രിംഗ്ലറുടെ കാലാവധിക്ക് ശേഷം കേന്ദ്രത്തെ സമീപിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.കൊവിഡ് ഡാറ്റ മറ്റാര്‍ക്കും കൈമാറരുതെന്ന് സ്പ്രിംഗ്ലറിനും കോടതി നിര്‍ദേശം നല്‍കി.വിശകലനത്തിന് ശേഷം സ്പ്രിംഗ്ലര്‍ പ്രൈമറി ഡാറ്റയും സെക്കന്‍ഡറി ഡാറ്റയും സര്‍ക്കാരിന് തിരികെ കൈമാറണമെന്നും സ്പ്രിംഗ്ലറിനോട് നിര്‍ദേശിച്ചു.

സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കണമെന്നത് അടക്കമുള്ള ഹരജികളാണ് കോടതി പരിഗണിച്ചത്. സ്പ്രിന്‍ക്ലര്‍ ഇടപാട് സംബന്ധിച്ച് വസ്തുതകള്‍ മൂടിവെക്കാന്‍ ശ്രമിക്കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കാര്യങ്ങളെ സര്‍ക്കാര്‍ ലാഘവത്തോടെ കാണരുത്, ഡാറ്റ ശേഖരിക്കുന്നതിന് ഇന്ത്യന്‍ കമ്പനികളെ എന്തുകൊണ്ട് സമീപിച്ചില്ലെന്നും കോടതി ചോദിച്ചു. എന്നാല്‍ സ്പ്രിന്‍ക്ലര്‍ സൗജന്യ സേവനം നൽകാൻ തയാറായെന്നും അടിയന്തര സാഹചര്യത്തിലാണ് സ്പ്രിന്‍ക്ലറിനെ സമീപിച്ചതെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നത്.സ്പ്രിംഗ്ലറിന് മാത്രമേ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളോ, ഡാറ്റ ശേഖരണത്തിന് സ്പ്രിംഗ്ലറിനെ എന്തുകൊണ്ട് തിരഞ്ഞെടുത്തു, സ്പ്രിംഗ്ലറിന്റെ വിശ്വാസ്യതയെക്കുറിച്ച്‌ സര്‍ക്കാര്‍ എന്തുകൊണ്ട് പറയുന്നില്ല, കൊവിഡിന് മുൻപ് സ്പ്രിംഗ്ലറുമായി ചര്‍ച്ച നടത്തിയത് എന്തിനായിരുന്നു, ഇന്ത്യന്‍ ടെക്നോളജി എന്തുകൊണ്ട് ഉപയോഗിച്ചില്ല, എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ച കോടതി സ്പ്രിംഗ്ലറിന്റെ വിശ്വാസ്യതയെ കുറിച്ച്‌ സര്‍ക്കാര്‍ പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി. കൊവിഡിന് മുന്‍പെ സ്പ്രിംഗ്ലറുമായി ചര്‍ച്ചനടത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണം. സ്പ്രിംഗ്ലറുമായി ചര്‍ച്ചനടത്തി 18 ദിവസത്തിന് ശേഷമാണ് കരാര്‍ ഒപ്പിട്ടത്. എന്നിട്ട് എന്തുകൊണ്ട് മറ്റു കമ്പനികളെ അന്വേഷിച്ചില്ല. ഡാറ്റ ചോര്‍ച്ചയുടെ പേരില്‍ അമേരിക്കയില്‍ കേസ് നടത്താന്‍ പോകേണ്ട സാഹചര്യം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം കോടതിയുമുണ്ട്. വ്യക്തികളുടെ സുരക്ഷ മാത്രമാണ് മുന്‍ഗണന.സ്വകാര്യത നഷ്ടമായാല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നതിന് അപ്പുറമാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. ഐസൊലോഷനിലും ക്വാറന്റൈനിലുമുള്ളവര്‍, കൊവിഡ് രോഗബാധയുള്ളവര്‍ തുടങ്ങി കൊവിഡ്19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മൊബൈല്‍ ആപ്ലിക്കേഷനാണ് സ്പ്രിംഗ്ലര്‍. മാവേലിക്കരക്കാരനായ രാജി തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. ഇടപാടിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും സ്വകാര്യതാ ലംഘനം നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെയാണ് വിഷയം കോടതി കയറിയത്.

Previous ArticleNext Article