കണ്ണൂർ:സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള ജില്ലയായി കണ്ണൂർ.ഇതോടെ ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തി.നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് ഐ.ജി അശോക് യാദവ് പറഞ്ഞു. നിലവില്‍ 25 ഹോട്ട്സ്പോട്ടുകളാണ് ജില്ലയിലുള്ളത്.ഇന്നലെ മാത്രം പത്ത് പേര്‍ക്കാണ് പുതിയതായി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒന്‍പത് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം നൂറ്റി നാലായി.ഇതില്‍ 49 പേര്‍ക്ക് രോഗം ഭേദമായി.വിദേശത്ത് നിന്നെത്തിയ പെരിങ്ങത്തൂര്‍, പാത്തിപ്പാലം, ചമ്പാട്, പാട്യം മുതിയങ്ങ, ചപ്പാരപ്പടവ്, ചെണ്ടയാട്, മുഴുപ്പിലങ്ങാട്, ചെറുവാഞ്ചേരി സ്വദേശികള്‍ക്കാണ് ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ചപ്പാരപ്പടവ് സ്വദേശി അജ്മാനില്‍ നിന്നും ബാക്കിയുളളവര്‍ ദുബായില്‍ നിന്നും നാട്ടിലെത്തിയവരാണ്. മാര്‍ച്ച് 18 മുതല്‍ 21 വരെയുളള ദിവസങ്ങളിലാണ് ഇവര്‍ നാട്ടിലെത്തിയത്. കഴിഞ്ഞ പതിനെട്ടാം തിയ്യതിയാണ് ഇവരുടെ സ്രവം പരിശോധനക്കയച്ചത്. കോട്ടയം മലബാര്‍ സ്വദേശിനിയായ 32 കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇവരെല്ലാം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ച 104 പേരില്‍ 49 പേര്‍ ആശുപത്രി വിട്ടു. ബാക്കിയുളള 55 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 4365 പേരാണ് നിലവില്‍ നിരീക്ഷണത്തിലുളളത്. ഇതില്‍ 102 പേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 214 പേരുടെ പരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്.അതേസമയം ജില്ലയില്‍ മാര്‍ച്ച് 12 ന് ശേഷമെത്തിയ എല്ലാ പ്രവാസികളുടെയും അവരുമായി സമ്പർക്കത്തിലുള്ളവരുടെയും സാമ്പിൾ പരിശോധിക്കാന്‍ തീരുമാനമായി.രോഗ ലക്ഷണമില്ലെങ്കിലും മാര്‍ച്ച് 12ന് ശേഷം നാട്ടിലേക്ക് വന്ന പ്രവാസികളെയും അവരുടെ ഹൈ റിസ്‌ക്ക് കോണ്‍ടാക്ടിലുള്ള മുഴുവന്‍ പേരുടെയും സാമ്പിൾ പരിശോധിക്കാനാണ് തീരുമാനം.