India, Kerala, News

കേരളം ലോക്ക്ഡൗണ്‍ ചട്ടം ലംഘിച്ചു; വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍

keralanews kerala violated lockdown guidlines central govt seek clarification

ന്യൂഡല്‍ഹി: പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ച്‌ കേരളം കൊവിഡിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്.ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇരുചക്ര വാഹങ്ങളില്‍ രണ്ട് പേര്‍ സഞ്ചരിക്കുന്നതും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതും കേന്ദ്ര നിര്‍ദ്ദേശത്തിന് എതിരാണ്.ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്.കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷമാകും എന്ത് നടപടി വേണമെന്ന് തീരുമാനിക്കുന്നത്. പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമായതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ മേഖലയില്‍ ഇളവ് അനുവദിച്ച്‌ ആശങ്ക വര്‍ധിപ്പിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ടലുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കുന്നതില്‍ നേരത്തെ തന്നെ പല കോണുകളില്‍ നിന്നും ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കുന്നത്. രണ്ടാംഘട്ട ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം, കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും ഈ നിയന്ത്രണങ്ങള്‍ക്ക് ഏപ്രില്‍ 20 ശേഷം ഇളവുണ്ടാകുമെന്നും ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നത്. അതിന് ശേഷം ഏപ്രില്‍ 15 ന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ചുള്ള മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു.ഈ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടുള്ള ഒരു കത്താണ് കേന്ദ്രം ഇപ്പോള്‍ അയച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് അജയ് കുമാര്‍ ഭല്ലയാണ് കത്ത് അയച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ  അനുമതിയില്ലാതെ ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ നിര്‍ദേശം ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ വിശദീകരണം ചോദിച്ചേക്കുമെന്നുമുള്ള സൂചനകളും കത്തിലുണ്ട്. സംഭവത്തില്‍  മുന്നറിയിപ്പ് നല്‍കികൊണ്ടാണ് കേന്ദ്രം കത്ത് അയച്ചിരിക്കുന്നത്. മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ കേരളം  ലംഘിച്ചുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

Previous ArticleNext Article