India, News

സാമ്പത്തിക പ്രതിസന്ധി;കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടിയ ക്ഷാമബത്ത മരവിപ്പിച്ചു; പ്രത്യേക അലവന്‍സുകളും നല്‍കില്ല

keralanews economic crisis increased dearness allowance to central govt employees frozen no special allowances provided

ന്യൂഡൽഹി:കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഴിഞ്ഞ മാസം പ്രഖ്യാപിച്ച നാല് ശതമാനം അധിക ക്ഷാമബത്ത ഉടന്‍ നല്‍കില്ല.ക്ഷാമബത്ത നാല് ശതമാനം കൂട്ടാനുള്ള തീരുമാനം മരവിപ്പിക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം.കേന്ദ്രസര്‍ക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 17ല്‍ നിന്ന് 21 ശതമാനമായി കൂട്ടാന്‍ മാര്‍ച്ച്‌ 13ന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം നീക്കിവെക്കേണ്ട സാഹചര്യത്തില്‍ ഈ തീരുമാനം തല്‍ക്കാലം മരവിപ്പിക്കും.ക്ഷാമബത്ത കൂട്ടാന്‍ തീരുമാനിച്ചെങ്കിലും അതിനായുള്ള ഉത്തരവ് ഇറങ്ങിയിട്ടില്ല. അത് കൊവിഡ് കാലത്തിന് ശേഷമേ പ്രതീക്ഷിക്കേണ്ടതുള്ളു.ഇപ്പോള്‍ ശമ്പളത്തോടൊപ്പം കിട്ടുന്ന സ്ഥിര അലവന്‍സുകളില്‍ മാറ്റമില്ല. എന്നാല്‍ സ്ഥിര അലവന്‍സിന് പുറമെയുള്ള പ്രത്യേക അലവന്‍സുകളും കുറച്ചുകാലത്തേക്ക് നല്‍കില്ല. ഇക്കാര്യം അറിയിച്ച്‌ കേന്ദ്ര ധനമന്ത്രാലയം എല്ലാ വകുപ്പുകള്‍ക്കും കത്തയച്ചു. മന്ത്രാലയങ്ങള്‍ വാര്‍ഷിക ബജറ്റില്‍ അഞ്ച് ശതമാനം വീതം മാത്രമെ ഏപ്രില്‍, മെയ്, ജൂണ് മാസങ്ങളില്‍ ചിലവാക്കാന്‍ പാടുള്ളു.സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഒരു പദ്ധതിക്കും മുൻകൂറായി തുക നല്‍കരുത്. 20 കോടി രൂപയില്‍ കൂടുതലുള്ള ചെലവുകള്‍ക്ക് പ്രത്യേക അനുമതി വാങ്ങണം. ഇതിലും കൂടുതല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ധനമന്ത്രാലയത്തിന്റെ കത്ത്.

Previous ArticleNext Article