ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് വിമാനസർവീസ് നിര്‍ത്തലാക്കിയതിനാല്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ആഭ്യന്തര,വിദേശ യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കും പണം തിരികെ നല്‍കാനാണ് വിമാനകമ്പനികളോട് ആവശ്യപ്പെട്ടത്.ഇതിന് കാന്‍സലേഷന്‍ തുക ഈടാക്കരുത്. ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ ലഭിച്ച് മൂന്നാഴ്ചയ്ക്കകം പണം തിരികെ നല്‍കണം.നിര്‍ദേശം ബാധകമാവുക ലോക്ക് ഡൗണ്‍കാലയളവിലെ യാത്രക്കാര്‍ക്ക് മാത്രമാണ്.ലോക്ക് ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 25 മുതല്‍ മെയ് മൂന്ന് വരെയുള്ള യാത്രക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും പണം യാത്രക്കാര്‍ക്ക് തിരിച്ച് നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. വിമാനക്കമ്പനികൾക്കായി പുറപ്പെടുവിച്ച ഉത്തരവിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.അതേ സമയം ലോകരാജ്യങ്ങളില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള പദ്ധതി പരിഗണിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.