കണ്ണൂര്‍: കൊവിഡ് 19 ചികില്‍സാ രംഗത്ത് കേരളത്തിന് മറ്റൊരു സന്തോഷവാര്‍ത്ത കൂടി. കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലാവുകയും പിന്നീട് നെഗറ്റീവാണെന്നു കണ്ടെത്തുകയും ചെയ്ത യുവതി കൊവിഡ് വാര്‍ഡില്‍ പ്രസവിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കാസര്‍കോഡ് സ്വദേശിനി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവതി പ്രസവിക്കുന്നത്.ശനിയാഴ്ച ഉച്ചയ്ക്കു 12.20നാണ് മൂന്നു കിലോ ഭാരമുള്ള ആണ്‍കുഞ്ഞ് പിറന്നത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കെ അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘമാണ് പ്രസവ ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കിയത്. അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ചാള്‍സ്, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. മുഹമ്മദ് എന്നിവര്‍ രാവിലെ 11ഓടെ തന്നെ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടെയും പ്രത്യേകം സജ്ജീകരിച്ച ഓപറേഷന് തിയറ്ററിലെത്തി. മാതാവിന്റെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുദീപും പ്രിന്‍സിപ്പല്‍ ഡോ. എന്‍ റോയിയും അറിയിച്ചു.രാജ്യത്ത് ആദ്യമായി കൊവിഡ് 19 ബാധിച്ച് ചികില്‍സയില്‍ കഴിയവെ യുവതി പ്രസവിച്ചത് ഡല്‍ഹി എയിംസിലായിരുന്നു. അന്നും ആണ്‍കുഞ്ഞാണ് പിറന്നത്.