ന്യൂഡല്‍ഹി: ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്നിന്റെ കയറ്റുമതി ആരംഭിച്ച് ഇന്ത്യ. 28 രാജ്യങ്ങളിലേക്കാണ് ഹൈഡ്രോക്സി ക്ലോറോക്വിന് കയറ്റുമതി തുടങ്ങിയത്. അയല്‍ രാജ്യങ്ങള്‍ക്ക് മരുന്ന് സൗജന്യമായാണ് നല്‍കുന്നത്. നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, മ്യാന്മര്, സീഷെല്‍സ്, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് മരുന്ന് സൗജന്യമാണ്.അതേസമയം പണം ഈടാക്കിയാണ് അമേരിയ്ക്കയിലേക്ക് ഹൈഡ്രോക്സി ക്ലോറോക്വിന് അയച്ചത്. ശ്രീലങ്കയിലേക്ക് 10 ടണ്‍ മരുന്നുകളാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റി അയച്ചത്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി കരാര്‍ ഒപ്പുവച്ച എല്ലാ യൂറോപ്യന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കും മരുന്ന് കയറ്റുമതിക്ക് വാണിജ്യമന്ത്രാലയം അനുമതിയ നല്കി. ഇന്ത്യയില്‍ ഈ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള കര്‍ശന നടപടി സ്വീകരിക്കാനും കമ്പനികൾക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി സ്പെഷ്യല്‍ ഇക്കണോമിക് സോണുകളില്‍ നിന്നുള്ള കയറ്റുമതി കൂടി അനുവദിക്കും. ഇന്ത്യയില്‍ സ്ഥിതി ഗുരുതരമായാല്‍ വിതരണം ചെയ്യേണ്ട മരുന്നുകളുണ്ടാകണമെന്ന വ്യവസ്ഥയിലാണിത്.ലോകത്തേറ്റവും കൂടുതല്‍ ഹൈഡ്രോക്സി ക്ലോറോക്വിന്, പാരസിറ്റമോള്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. പ്രതിമാസം 5,600 മെട്രിക് ടണ്‍ പാരസെറ്റമോള്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്നതില്‍,ഇന്ത്യയില്‍ മാസം 200 മെട്രിക് ടണ്‍ മാത്രമേ ആവശ്യമുള്ളു. ബാക്കിയെല്ലാം ഇറ്റലി, ജര്‍മനി, യുകെ, അമേരിക്ക, സ്പെയിന്, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. പാരസെറ്റമോളിന്റെ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് 730 കോടിയാണ് പ്രതിവര്‍ഷം ലഭിക്കുന്നത്.