കണ്ണൂർ:കേരളത്തിൽ വീണ്ടും കോവിഡ് മരണം.പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി പി മെഹ്റൂഫ് (71) ആണ് മരിച്ചത്.ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.മാര്‍ച്ച് 23നാണ് ഇയാള്‍ക്ക് പനി വന്നത്. തലശ്ശേരിയിലെ ടെലി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അസുഖം മാറാതിരുന്നതിനെ തുടര്‍ന്ന് 26ന് വീണ്ടും ആശുപത്രിയിലെത്തി. അന്നും മരുന്ന് കൊടുത്ത് മടക്കിഅയക്കുകയാണ് ചെയ്തത്. 30ന് വീണ്ടും ആശുപത്രിയിലെത്തി. 31ന് വീണ്ടും ആരോഗ്യം മോശമായതോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അടുത്ത ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ ഘട്ടത്തിലൊന്നും കോവിഡ് പരിശോധന ആശുപത്രി ആധികൃതര്‍ നടത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.ഏപ്രില്‍ ആറിനാണ് മെഹ്റൂഫിന്‍റെ സ്രവം പരിശോധനക്ക് അയച്ചത്. ഒന്‍പതാം തിയ്യതി പരിശോധനാഫലം ലഭിച്ചു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യനില അന്ന് മുതല്‍ തന്നെ അതീവ ഗുരുതരമായിരുന്നു.
കൊവിഡ് ബാധിച്ച മഹറൂഫ് പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി ചെറുകല്ലായിയിലാണു സ്വദേശമെങ്കിലും സമ്പർക്കം നടത്തിയത് കണ്ണൂര്‍ ജില്ലയിലാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഒട്ടേറെ പേരുമായി സമ്പർക്കം പുലര്‍ത്തുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ന്യൂമാഹി എം.എം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. 18 പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നതിനായി മരുമകന്റെ കൂടെ മാഹിപാലം വരെ ബൈക്കില്‍ യാത്ര ചെയ്ത ഇദ്ദേഹം, 11 പേര്‍ക്കൊപ്പം ടെംപോ ട്രാവലറിലാണ് ചടങ്ങിനെത്തിയത്. വിവാഹ നിശ്ചയച്ചടങ്ങില്‍ വധൂവരന്‍മാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേര്‍ പങ്കെടുത്തതായാണു വിവരം.അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു. ആ സമയത്ത് പള്ളിയില്‍ മറ്റ് ഏഴു പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരെ ഇതിനകം ഐസൊലേഷനിലേക്ക് മാറ്റി. ഏതെങ്കിലും തരത്തില്‍ ഇയാളുമായി ബന്ധപ്പെട്ടവര്‍ അടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് കലക്ടര്‍ അറിയിച്ചു.