India, News

സർവീസിൽ തിരികെ പ്രവേശിക്കണമെന്ന് കേന്ദ്രസർക്കാർ;നിർദേശം തള്ളി കണ്ണൻ ഗോപിനാഥൻ

keralanews central govt asked kannan gopinathan to return to work and he rejects the call

കൊച്ചി: സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന്‍ ഗോപിനാഥന്‍ രംഗത്ത്.കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ണന്‍ ഗോപിനാഥനോട് സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും പ്രതികൂലഘട്ടങ്ങളില്‍ സര്‍ക്കാരിന് വേണ്ടി സന്നദ്ധ പ്രവര്‍ത്തനം ചെയ്യാന്‍ താന്‍ തയാറാണെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.കൊറോണക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് വേണ്ടി താന്‍ സേവനം ചെയ്യും. എന്നാല്‍ അതൊരു സാധാരണ പൗരനെന്ന നിലയില്‍ മാത്രമാകും, ഐഎഎസ് ഉദ്യോഗസ്ഥനായിട്ടല്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ കുറിച്ചു. സിവില്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ രാജി സമര്‍പ്പിച്ചയാളാണ് കണ്ണന്‍ ഗോപിനാഥന്‍.കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കണ്ണന്‍ രാജിസമര്‍പ്പിച്ചത്.സര്‍വീസില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു രാജി.2012 ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍. ദാദ്ര- നഗര്‍ ഹവേലി കലക്ടര്‍ എന്ന ചുമതലയ്ക്കപ്പുറം നഗരവികസനം. വൈദ്യുതി, കൃഷി എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചാണ് അദ്ദേഹം സര്‍വീസില്‍നിന്ന് രാജിവച്ചത്. എന്നാല്‍, കണ്ണന്‍ ഗോപിനാഥന്റെ രാജി അംഗീകരിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേയും കണ്ണന്‍ ഗോപിനാഥന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

Previous ArticleNext Article