മയ്യിൽ: നാടക പ്രവർത്തകരായ ജിജു ഒറപ്പടി യും വിജേഷ് കൈലാസും മുടി നീട്ടി വളർത്താൻ തുടങ്ങിയപ്പോൾ ആർക്കും അത്ര പുതുമയൊന്നും തോന്നിയിരുന്നില്ല. കലാകാരന്മാരുടെ കാര്യത്തിൽ അതൊരു പതിവ് കാഴ്ചയാണല്ലോ. എന്നാൽ കഴിഞ്ഞ ദിവസം ഒറപ്പടി കലാകൂട്ടായ്മയുടെ കളിവട്ടം പാഠശാല ഒരുക്കിയ ചടങ്ങിൽ പെൺമുടിയുടെ ലക്ഷ്യമെന്തെന്നു ഇരുവരും പ്രഖ്യാപിച്ചപ്പോൾ സദസ്സിലും ആ നന്മയുടെ വെളിച്ചം വീശി. “അർബുദരോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി തലമുടി ദാനം ചെയ്യുന്ന പദ്ധതിക്ക് ഈ നാട്ടിലും തുടക്കമിടണമെന്നു ഞങ്ങൾക്കും തോന്നി. സ്വയം വഴികാണിക്കാനും തീരുമാനിച്ചു. ദാനം ചെയ്യാൻ മുടിക്ക് 17 ഇഞ്ച് നീളമെങ്കിലും വേണമെന്നുണ്ട്. ആ നീളമെത്തിയതോടെയാണ് ഇവിടെ വെച്ച് മുടി മുറിച്ചു ദാനം ചെയ്യുന്നത്”.
അതുകേട്ടതും സദസ്സിൽ കൈയടിയുടെ പെരുമഴയായി. മുടിദാന പദ്ധതിയുടെ ഉദ്‌ഘാടനം സാമൂഹിക പ്രവർത്തക നിഷ ജോസ് നിർവഹിച്ചു. പിറകെ വേദിയിൽ നിന്ന് ചോദ്യമുയർന്നു. മുടി ദാനം ചെയ്യാൻ തയ്യാറുള്ളവർ ആരെങ്കിലുമുണ്ടോ…?. ആദ്യമെത്തിയത് ജിജു ഒറപ്പടിയുടെ ഭാര്യ ശിശിരയാണ്. പിന്നെ ബിന്ദു, പ്രകാശ് , വിദ്യാർത്ഥിനിയായ അനാമിക എന്നിവരും പതിനേഴ് ഇഞ്ചു നീളത്തിൽ മുടിനല്കി. ചടങ്ങിൽ മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ അധ്യക്ഷനായിരുന്നു. ജിജു ഒറപ്പടി സ്വാഗതവും മോഹൻ കാരകിൾ നന്ദിയും പറഞ്ഞു.