കണ്ണൂർ: കാഴ്ചയുടെ വസന്തമൊരുക്കി കണ്ണൂർ പുഷ്‌പോത്സവം- 2017 ന് നാളെ പോലീസ് മൈതാനിയിൽ തിരിതെളിയും. കണ്ണൂർ ജില്ലാ അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പുഷ്‌പോത്സവം സംഘടിപ്പിക്കുന്നത്. നാളെ വൈകിട് അഞ്ചിന് ജില്ലാ കളക്ടർ മിർ മുഹമ്മദലീയുടെ അധ്യക്ഷതയിൽ മന്ത്രി എൻ കെ ശശീന്ദ്രൻ ഔപചാരിക ഉദ്‌ഘാടനം നിർവഹിക്കും. ചലച്ചിത്ര-സീരിയൽ താരം ജയകൃഷ്ണൻ, കോർപറേഷൻ മേയർ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പ്രവേശന ഫീസ് ഒരാൾക്ക് 30 രൂപയാണ് നാളെ രാവിലെ മുതൽ സന്ദർശകർക്കായി പുഷ്‌പോത്സവ നഗരി തുറന്നു കൊടുക്കും.
ഇത്തവണത്തെ ഏറ്റവും വലിയ ആകർഷണം പതിനഞ്ചായിരം ചതുരശ്രയടി വിസ്തീർണത്തിൽ ഒരുക്കുന്ന ഉദ്യാനമാണ്. പുണെ, ബംഗളുരു, മൈസൂർ, വയനാട്, മണ്ണുത്തി, ഗുണ്ടൽപേട്ട് തുടങ്ങിയ ഇടങ്ങളിൽ നിന്നും നേരിട്ട് എത്തിക്കുന്ന പൂച്ചെടികളും പുല്തകിടികളും ഉപയോഗിച്ചാണ് ഉദ്യാന നിർമാണം. ഇതോടൊപ്പം വാട്ടർഷോയും ഉണ്ടായിരിക്കും. കൂടാതെ വിവിധ സ്റ്റാളുകൾ, പഴവര്ഗങ്ങളുടെയും ജൈവ പച്ചക്കറികളുടെയും വിത്തുകൾ, പൂച്ചട്ടികൾ, മൺ പാത്രങ്ങൾ എല്ലാം ഉണ്ട്. സന്ദര്ശകരുടെ സൗകര്യാർത്ഥം രുചികരമായ വിഭവങ്ങൾ ലഭ്യമാക്കാൻ ഫുഡ് കോർട്ടും സജീകരിച്ചിട്ടുണ്ട്.
പുഷ്‌പോത്സവത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സെമിനാറുകളും വൈകുനേരങ്ങളിൽ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സമാപന സമേളനം ഈ മാസം 20 ന് വൈകിട് 6 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. വിജയികൾക്കുള്ള സമ്മാനം ജില്ലാ പോലീസ് മേധാവി കെ പി ഫിലിപ്പ് വിതരണം ചെയ്യും.