India, News

രാജ്യത്ത് ഏപ്രിൽ 14 ന് ശേഷവും ലോക്ക് ഡൌൺ നീട്ടിയേക്കുമെന്ന് സൂചന

keralanews lock down may extend after april 14th

ന്യൂഡൽഹി:കേന്ദ്രസർക്കാർ ഏപ്രിൽ 14 ന് ശേഷവും ലോക്ക് ഡൌൺ നീട്ടിയേക്കുമെന്ന് സൂചന.നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ലോക് ഡൗണ്‍ നീട്ടണമെന്ന് പല സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം വിദഗ്ധരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎംഎ പോലുള്ള സംഘടനകളും ലോക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് ലോക് ഡൗണ്‍ നീട്ടുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.വളരെ നീണ്ട യാത്രയാണെന്നും ജനങ്ങൾ  തയ്യാറാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ലോക്ക് ഡൌൺ നീട്ടുന്നത് സംബന്ധിച്ച തീരുമാനം ദേശീയതാത്പര്യപ്രകാരം ശരിയായ സമയത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പറഞ്ഞിരുന്നു.

അതേസമയം, ലോക് ഡൗണ്‍ അവസാനിപ്പിക്കും മുൻപുള്ള അടുത്ത ഏഴ് ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങളെ ആശ്രയിച്ചായിരിക്കും സര്‍ക്കാരിന്റെ തീരുമാനമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഏപ്രില്‍ 15 മുതല്‍ എയര്‍ലൈനുകളും, റയില്‍വെയും ബുക്കിങ് ആരംഭിച്ചതുകൊണ്ട് തന്നെ ലോക് ഡൗണ്‍ നീട്ടില്ലെന്നാണ് പലരുടെയും പ്രതീക്ഷ. ലോക് ഡൗണ്‍ നീട്ടിയാല്‍ സമ്പത് വ്യവസ്ഥ കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും ഉണ്ട്.ലോക്ക് ഡൌൺ  അവസാനിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍, മുന്‍ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അദ്ധ്യക്ഷനായ സമിതി സര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി മാത്രം പിന്‍വലിക്കാനാണ് സാധ്യത. സര്‍ക്കാര്‍ നിയമിച്ച കര്‍മ്മസമിതി നല്‍കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും നിയന്ത്രണങ്ങള്‍ നീക്കുക. ഹോട്ട്‌സ്‌പോട്ടായി കണ്ടെത്താത്ത ജില്ലകളില്‍ നാമമാത്രമായി നിയന്ത്രണങ്ങള്‍ നീക്കുക, സ്വകാര്യ, പൊതുഗതാഗത സംവിധാനം എന്നിവ നിയന്ത്രിക്കുക, ജില്ലകള്‍ തോറുമുള്ള ഗതാഗതം നിയന്ത്രിക്കുക, അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ വരവ് നിയന്ത്രിക്കുക, ഒറ്റ- ഇരട്ട അക്ക വാഹനങ്ങള്‍ക്കായി ഓരോ ദിവസവും ഗതാഗതം ക്രമീകരിക്കുക തുടങ്ങി നിരവധി ശുപാര്‍ശകളാണ് മുന്‍ ചീഫ് സെക്രട്ടറി ഗങ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതി നല്‍കിയിരിക്കുന്നത്. നാളെ ചേരുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ഇന്ത്യ രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിലാണെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. അടുത്ത ആഴ്ച അതുകൊണ്ട് തന്നെ നിര്‍ണായകമാണ്. സമൂഹ വ്യാപനം നിയന്ത്രിക്കാന്‍ മറ്റു എളുപ്പ വഴികള്‍ സര്‍ക്കാരിന് മുൻപാകെയില്ല.അതുകൊണ്ട്തന്നെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച്‌ ലോക് ഡൗണ്‍ നീട്ടുന്ന കാര്യം മോദി സര്‍ക്കാര്‍ പരിഗണിക്കുകയാണ്.

Previous ArticleNext Article