ലണ്ടൻ:കൊറോണ വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില അതീവ ഗുരുതരം.ഇന്നലെ രാത്രിയോടെ അസുഖം വഷളായതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.കൊവിഡ് രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്നാണ് മെച്ചപ്പെട്ട പരിചരണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.ബോറിസ് ജോണ്‍സന്റെ ആരോഗ്യനില മോശമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. സെൻട്രൽ ലണ്ടനിലെ സെന്റ് തോമസ് എൻ.എച്ച്.എസ് ആശുപത്രിയിലാണ് ബോറിസ് ജോണ്‍സണ്‍ ചികിത്സയിലുള്ളത്.ആരോഗ്യനില മെച്ചപ്പെടുന്നതായി കാണിച്ച് അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം രാത്രിയോടെ നില മോശമാവുകയായിരുന്നു.മാർച്ച് 27നാണ് ബോറിസിന് കോവിഡ് സ്ഥിരീകരിച്ചത്.നേരത്തെ ഒരാഴ്ചക്കാലം ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ ഫ്ലാറ്റിൽ ഐസൊലേഷനിലായിരുന്നു ബോറിസ് ജോണ്‍സണ്‍. ഐസൊലേഷൻ കാലാവധി പൂർത്തിയായിട്ടും പനിയും മറ്റു രോഗലക്ഷണങ്ങളും വിട്ടുമാറിയില്ല.തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.പനിയും ശ്വാസ തടസവും ശക്തമായതിനെ തുടർന്നായിരുന്നു ഇത്.ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ഇന്നലെ മുതൽ ഓക്സിജൻ നൽകുന്നുണ്ട്. എന്നാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വിദേശ കാര്യ സെക്രട്ടറി ഡൊമിനിക് റാബിനാണ് ചുമതല കൈമാറിയിരിക്കുന്നത്.നേരത്തെ ജോൺസൺന്റെ ജീവിത പങ്കാളി ക്യാരി സിമണ്ട്സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ ആറു മാസം ഗർഭിണിയാണ്. സിമണ്ട്സ് സുഖം പ്രാപിച്ച് വരികയാണ്. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിനും ചീഫ് മെഡിക്കൽ ഓഫീസർ വിറ്റിക്കും നേരത്തേ കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ബോറിസ് ജോൺസന്റെ ഉപദേഷ്ടാവ് ഡൊമിനിക് കമിംഗ്സും രോഗലക്ഷണങ്ങളെ തുടർന്ന് ഐസോലേഷനിലാണ്.ബ്രിട്ടണിൽ കൊവിഡ് വ്യാപനം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 439 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5373 ആയി. രാജ്യത്ത് രോഗികളുടെ എണ്ണം 50,000 കടന്നു.
International, News
കൊറോണ വൈറസ് ബാധ;ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐസിയുവിലേക്ക് മാറ്റി;നില അതീവ ഗുരുതരം
Previous Articleതലശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രോഗി മരിച്ചു