ബംഗളൂരു: കാസര്‍കോഡ്-മംഗളൂരു അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. കാസര്‍കോട്ടെ സ്ഥിതി ഗുരുതരമാണ്.അതുകൊണ്ട് തന്നെ രോഗികളെ പ്രവേശിപ്പിക്കുക ബുദ്ധിമുട്ടാണെന്നും യെദ്യൂരപ്പ പറഞ്ഞു.കൂട്ടത്തില്‍ രോഗികളുണ്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല.അതിര്‍ത്തി അടച്ചത് മുന്‍കരുതല്‍ നടപടിയാണ്. കേരളവുമായുള്ള നല്ല ബന്ധത്തെ ഈ വിഷയം ബാധിക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. അതിര്‍ത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായി എച്ച്.ഡി ദേവഗൗഡ അയച്ച കത്തിന് നല്കിയ മറുപടിയിലാണ് യെദ്യൂരപ്പയുടെ പ്രതികരണം.അതിര്‍ത്തി അടക്കുന്നത് സംബന്ധിച്ചെടുത്ത തീരുമാനം ധൃതിയില്‍ ഉണ്ടായതല്ലെന്നും ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇങ്ങനെയൊരു തീരുമാനമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കാസര്‍ഗോഡും സമീപ പ്രദേശങ്ങളിലുമുള്ള കൊറോണ വ്യാപനം ഭയപ്പെടുത്തുന്നതാണെന്നും ഇതിനെക്കുറിച്ച് കേരള സര്‍ക്കാരിനും അറിയാവുന്നതാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.വിഷയത്തില്‍ ഇടപെട്ട് അതിര്‍ത്തി പാതകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിരുന്നു. എന്നാല്‍ അതിര്‍ത്തി തുറക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കേരളത്തില്‍ ഇന്നലെ പതിനൊന്ന് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതില്‍ ആറ് പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍, ജില്ലകളില്‍ നിന്നുള്ള ഓരൊരുത്തര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 306 ആയി.