കൊച്ചി: ലോക്ഡൌണ് ലംഘിച്ച് പ്രഭാതസവാരിക്കിറങ്ങിയ 41 പേരെ എറണാകുളത്ത് അറസ്റ്റ് ചെയ്തു. എപ്പിഡെമിക്ക് ആക്ട് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡ്രോണ്‍ വഴിയുള്ള പരിശോധനയിലാണ് പ്രഭാത സവാരിക്കാര്‍ കുടുങ്ങിയത്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.പനമ്പിള്ളി നഗര്‍ മേഖലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലവിലിരിക്കെ പോലീസ് വിലക്കിയിട്ടും പ്രഭാത സവാരിക്കും വ്യായാമത്തിനുമായി ഇറങ്ങിയവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.കേരളാ എപ്പിഡെമിക്സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് അറസ്റ്റ്. ഇതനുസരിച്ച് പതിനായിരം രൂപ പിഴയും 2 വര്‍ഷം വരെ തടവും ലഭിക്കാം.ഡ്രോണ്‍ ഉപയോഗിച്ചുള്ള പൊലീസിന്റെ നിരീക്ഷണത്തില്‍ ആളുകള്‍ കൂട്ടം ചേര്‍ന്ന് പ്രഭാത നടത്തത്തിന് എത്തുന്നതായി പൊലിസ് കണ്ടതോടെ നേരത്തെ ഇത് വിലക്കിയിരുന്നു. എന്നാല്‍ വീണ്ടും ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതായി പിന്നീട് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയതോടെ പൊലീസിന് വ്യക്തമായി. ഇതോടെയാണ് അറസ്റ്റിലേയ്ക്ക് നീങ്ങിയത്.