Kerala, News

കേരളത്തിന് അഭിമാനം;റാന്നിയിലെ വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായി ആശുപത്രി വിട്ടു

keralanews proud to kerala elderly couple in ranni have been discharged from the hospital
കോട്ടയം: കൊറോണ രോഗബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ വയോധിക ദമ്പതിമാര്‍ ആശുപത്രി വിട്ടു. 93 വയസുള്ള തോമസ്, ഭാര്യ മറിയാമ്മ (88) എന്നിവരാണ് രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. വീട്ടിലെത്തിയ ശേഷം 14 ദിവസം കൂടി ഇവര്‍ നിരീക്ഷണത്തില്‍ തുടരും. ‘എല്ലാവർക്കും നന്ദി. രോഗം മാറിയതിൽ ഏറെ സന്തോഷം.ചികിത്സിച്ച ഡോക്റ്റർമാർക്കും നന്ദി’ എന്നായിരുന്നു ആശുപത്രി വിടുമ്പോഴുള്ള ദമ്പതിമാരുടെ പ്രതികരണം. ആംബുലൻസിൽ ഇരുവരെയും റാന്നിയിലേക്കുള്ള വീട്ടിലേക്കാണ് കൊണ്ടുപോയത്. കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് മുതിർന്ന നഴ്സുമാരും ഇവർക്കൊപ്പം വീട്ടിലേക്ക് പോയിട്ടുണ്ട്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബാംഗങ്ങളില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധയേറ്റത്. മാര്‍ച്ച് 8 നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത ഇവരെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ശാരീരികാസ്വസ്ഥതകളും ആരോഗ്യ പ്രശ്‌നങ്ങളും ഇരുവര്‍ക്കും അനുഭവപ്പെട്ടിരുന്നെങ്കിലും മെച്ചപ്പെട്ട ചികിത്സയിലൂടെ ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.
Previous ArticleNext Article