കൊച്ചി:മദ്യാസക്തിയുള്ളവർക്ക് ഡോക്റ്ററുടെ കുറിപ്പടിയില്‍ മദ്യം നല്കാമെന്നുള്ള സർക്കാരിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.മൂന്നാഴ്ചത്തേക്കാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയതത്. ഇത്തരത്തിൽ ഉത്തരവിറക്കിയതിന് ഹൈക്കോടതി സർക്കാരിനെ വാക്കാൽ വിമർശിച്ചു.ടി.എന്‍.പ്രതാപന് എംപി നല്കിയ ഹര്‍ജിയില്‍മേലാണ് കോടതിയുടെ നടപടി.മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്കോ എംഡി പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തു. ഡോക്ടറുടെ കുറിപ്പടി പ്രകാരം ഒരാള്‍ക്ക് ആഴ്ചയില്‍ മൂന്ന് ലിറ്റര്‍ മദ്യം ലഭ്യമാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവിനെതിരെ ഐഎംഎ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരുടെ ധാര്‍മികയെ ചോദ്യം ചെയ്യുന്നതാണ് ഉത്തരവെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.മദ്യ ഉപയോഗം മൂലം ജീവിതം തകരാറിലായവരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അധാർമികവും നിയമവിരുദ്ധമായ ഉത്തരവ് സർക്കാറിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്നായിരുന്നു ഡോക്ടർമാരുടെ സംഘടന അടക്കമുള്ള ഹരജിക്കാരുടെ വാദം.മദ്യാസക്തി ചികിൽസയിലൂടെയോ ശാസ്ത്രീയ മാർഗങ്ങളിലൂടെയോ ഭേദപ്പെടുത്താനാകില്ലെന്ന തെറ്റായ സന്ദേശമാണ് സർക്കാർ ഉത്തരവിലൂടെ പൊതു സമൂഹത്തിന് ലഭിക്കുന്നതെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചു. എന്നാൽ മദ്യാസക്തിയുള്ള എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ലന്നും മദ്യം കിട്ടാതെ വരുമ്പോൾ രോഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ടന്നുമായിരുന്നു സർക്കാരിന്റെ നിലപാട്.ഇവരെ ചികത്സിക്കാനുള്ള സൗകര്യം സംസ്ഥാനത്തില്ല. മദ്യം നിരോധിച്ച സംസ്ഥാനങ്ങളിൽ പോലും ഡോക്ടർമാർക്ക് കുറിപ്പടി കൊടുക്കാൻ അനുമതി ഉണ്ട്. അത് പോലെ മാത്രമേ കേരളം ഉദ്ദേശിച്ചുള്ളൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലോക്ഡൗണില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആറു പേര് ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ മദ്യവിതരണം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്.