Kerala, News

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

keralanews covid confirmed in 24 persons in the state today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.കാസര്‍കോട് 12, എറണാകുളം 3,തിരുവനന്തപുരം,തൃശ്ശൂര്‍, മലപ്പുറം കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 265 ആയി.ഇതില്‍ 237 പേര്‍ ചികിത്സയിലുണ്ട്.ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 9 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ബാക്കിയുള്ള കേസുകള്‍ സമ്പർക്കം മൂലം ഉണ്ടായതാണ്. 164130 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 163508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.7965 സാമ്പിളുകൾ പരിശോധയ്ക്ക് അയച്ചു. ഇതില്‍ 7256 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച രോഗ ബാധിതരില്‍ 191 പേര്‍ വിദേശത്ത് നിന്ന് വന്ന മലയാളികളാണെന്നും ഏഴ് പേര്‍ വിദേശികളാണെന്നും മുഖ്യമന്ത്രി അറിയിച്ചു.67 പേര്‍ക്കാണ് രോഗികളുമായി സമ്പർക്കം മൂലം രോഗം പിടിപെട്ടത്. 26 പേര്‍ക്ക് ഇതുവരെ നെഗറ്റീവ് ആയെന്നും ഇതില്‍ 4 പേര്‍ വിദേശികളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട് മെഡിക്കല്‍ കോളജ് നാല് ദിവസത്തിനകം പൂര്‍ണതോതില്‍ കോവിഡ് ആശുപത്രിയായി മാറ്റും. ആര്‍.സി.സിയില്‍ സാധാരണ നിലക്കുള്ള ചികിത്സ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സൗജന്യ റേഷന്‍ വിതരണം ആദ്യ ദിവസമായ ഇന്ന് മെച്ചപ്പെട്ട നിലയില്‍ നടന്നു. ചില കേന്ദ്രങ്ങളില്‍ മാത്രമാണ് തിരക്ക് അനുഭവപ്പെട്ടത്.14.5 ലക്ഷം പേര്‍ക്കാണ് റേഷന്‍ വിതരണം ചെയ്തത്. ഈ മാസം 20 വരെ സൗജന്യ റേഷന്‍ തുടരും.അരിയുടെ അളവില്‍ കുറവുള്ളതായി ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Previous ArticleNext Article