തിരുവനന്തപുരം:കോവിഡ് രോഗബാധയെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൊണ്ടുവരുന്ന സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധമായി നല്‍കണം. ജീവനക്കാരുടെ പ്രതികരണം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രത്യേക കാലഘട്ടത്തില്‍ ജീവനക്കാര്‍ സഹായിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.ഒരു മാസത്തെ ശമ്പളം കൊറോണ പ്രതിരോധത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് മന്ത്രി എം എം മണിയും ആവശ്യപ്പെട്ടിട്ടുണ്ട്.2018ലെ പ്രളയക്കാലത്തും ജീവനക്കാരോട് സാലറി ചലഞ്ചിന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷ സംഘടനകള്‍ അന്ന് ഉയര്‍ത്തിയത്. രണ്ടു ദിവസത്തെ ശമ്പളം നല്‍കാമെന്നായിരുന്നു ഇവരുടെ നിലപാട്. 57 ശതമാനം പേര് മാത്രമാണ് സാലറി ചാലഞ്ചില്‍ പങ്കെടുത്തത്.എന്നാല്‍, ഇത്തവണ സ്ഥിതിഗതികള്‍ കുറച്ചുകൂടി അനുകൂലമാണെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.കഴിഞ്ഞ തവണത്തെപ്പോലെ പെന്‍ഷന്‍കാരെ ഇത്തവണയും സാലറി ചലഞ്ചില്‍ ഉള്‍പ്പെടുത്താന്‍ സാദ്ധ്യതയുണ്ട്.അതേസമയം ചലഞ്ച് വേണ്ട, സംഭാവന നല്‍കാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ് അനുകൂല എന്‍.ജി.ഒ അസോസിയേഷന്. ഇക്കാര്യം അവര്‍ മുഖ്യമന്ത്രിയോട് നേരിട്ട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.