കണ്ണൂർ:സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കോവിഡ് ആശുപത്രി കണ്ണൂരിൽ പ്രവർത്തനം തുടങ്ങി.അഞ്ചരക്കണ്ടി കോളേജാണ് സർക്കാർ ഏറ്റെടുത്ത് കോവിഡ് ട്രീറ്റ്മെന്റ് സെന്ററാക്കിയത്.ആയിരം രോഗികളെ വരെ ചികിൽസിക്കാവുന്ന രീതിയിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.കോവിഡ് സ്ഥിരീകരിച്ചവർക്കും നിരീക്ഷണത്തിലുള്ളവർക്കും ഡോക്റ്റർമാർക്കും ആശുപത്രി ജീവനക്കാർക്കുമെല്ലാം പ്രത്യേകം ആശുപത്രിക്കുള്ളിലേക്ക് പ്രവേശിക്കാൻ പ്രത്യേകം പ്രവേശനവഴികളുണ്ട്.കോവിഡ് ലക്ഷണമുള്ളവർ ആദ്യം ഇവിടെയെത്തി കൈകൾ കഴുകണം.പിന്നീട് കവാടത്തിനു മുന്നിൽവെച്ച പോസ്റ്ററിലെ നിർദേശങ്ങൾ കൃത്യമായി വായിച്ച ശേഷം തൊട്ടപ്പുറത്ത് വെച്ച സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകണം.പിന്നീട് അതിനടുത്ത് വെച്ചിരിക്കുന്ന ഗ്ലൗസും മാസ്ക്കും ധരിച്ച ശേഷം മാത്രമേ ആശുപത്രിക്കുള്ളിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ.രോഗിയുടെ ഒപ്പമുള്ളവർക്കൊന്നും ഉള്ളിലേക്ക് പ്രവേശനമില്ല. അകത്തുകടന്നാൽ കോവിഡ് രോഗലക്ഷണമുള്ളവർ നേരെ കോവിഡ് ഒ പിയിലേക്ക് പോകണം.ഇവിടെ ഡോക്റ്റർ നിശ്ചിത അകലത്തിലിരുന്ന് രോഗിയോട് വിവരങ്ങൾ ചോദിച്ചറിയും.സ്രവപരിശോധനയ്ക്കും രക്തപരിശോധനയ്ക്കും പ്രത്യേകം മുറികളുണ്ട്.ശരീരം പൂർണ്ണമായും മൂടുന്ന കോവിഡ് വസ്ത്രം ധരിക്കുന്നതിനും പ്രത്യേകം മുറികളുണ്ട്.ആറാം നിലയിൽ വെന്റിലേറ്റർ സൗകര്യങ്ങളോടെ 30 കിടക്കകളുള്ള രണ്ട് ഐസിയു യൂണിറ്റും അഞ്ചും ആറും നിലകളിലായി നാനൂറോളം ആളുകളെ ഉൾക്കൊള്ളാവുന്ന ഐസൊലേഷൻ വാർഡുകളും സജ്ജീകരിച്ചിട്ടുണ്ട്.ഫിസിഷ്യൻ,പീഡിയാട്രീഷ്യൻ, അനസ്തെസ്റ്റിസ്റ്റ്,ചെസ്സ് റെസ്പിറേറ്ററി മെഡിസിൻ തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സേവനങ്ങളും ഇവിടെ ലഭ്യമാണ്.കോവിഡ് പ്രതിരോധ വസ്ത്രങ്ങളും അവശ്യ മരുന്നുകളും ലഭിക്കുന്ന പ്രത്യേക ഫാർമസിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.