മലപ്പുറം: കേരളത്തിലുള്ള അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നിലമ്പൂരിൽ നിന്നും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി സാക്കിര്‍ തൂവക്കാടാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിച്ച് തുടങ്ങിയത്.വ്യാജ സന്ദേശം വിശ്വസിച്ച എടവണ്ണയിലുള്ള അതിഥി തൊഴിലാളികൾ യാത്ര സംബന്ധിച്ച് യോഗം ചേരുകയും ചെയ്തു.സംഭവം ശ്രദ്ധയില്‍പെട്ടതോടെ സന്ദേശം വ്യാജമാണെന്ന് പോലീസ് വിവിധ ഭാഷകളില്‍ നവമാധ്യമങ്ങളിലൂടെ അറിയിപ്പുമായി എത്തി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ പിടിയിലായത്. ഇയാൾക്കെതിരെ ഐപിസി 153, കേരള പോലീസ് ആക്റ്റ് 118 എന്നിവ പ്രകാരമാണ് കേസ് എടുത്തത്.ഞായറാഴ്ച ചങ്ങനാശേരിക്ക് സമീപം പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയതിന് പിന്നാലെയാണ് വടക്കന്‍ ജില്ലകളിലും വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചത്.അതിഥി തൊഴിലാളികള്‍ കൂട്ടമായി എത്തുമെന്ന ഭയംമൂലം പോലീസ് ഇവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. പുറത്തിറങ്ങുന്നവരെ പോലീസ് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നുണ്ട്. വടക്കന്‍ ജില്ലകളുടെ വിവിധ മേഖലകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.