Kerala, News

ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച്‌ പുറത്തിറങ്ങിയവരെ ഏത്തമിടുവിച്ച സംഭവം;കണ്ണൂർ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

keralanews human rights commission has voluntarily filed a case against sp yatish chandra for squats punishment for violating lockdown

കണ്ണൂർ:ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച്‌ പുറത്തിറങ്ങിയവരെ ഏത്തമിടുവിച്ച സംഭവത്തിൽ കണ്ണൂർ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ  മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.സംഭവം സംസ്ഥാന പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ലെന്ന് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.എസ് പി യുടെ നിര്‍ദേശാനുസരണം ഏത്തമിട്ടവര്‍ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.നിയമം കര്‍ശനമായി നടപ്പിലാക്കണം. എന്നാല്‍ ശിക്ഷ പൊലീസ് തന്നെ നടപ്പിലാക്കുന്നത് പൊലീസ് ആക്ടിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാന്‍ പൊലീസിന് അധികാരമില്ല.വീട്ടില്‍ സുരക്ഷിതരായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കൃത്യമായി അനുസരിക്കണമെന്ന് കമ്മീഷന്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ യതീഷ് ചന്ദ്രയോട് ഡി ജി പി ലോക് നാഥ് ബെഹ്‌റ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Previous ArticleNext Article