Kerala, News

നിലപാടിൽ അയവില്ല;കേരള അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞ് കര്‍ണാടക;ചികിത്സ കിട്ടാതെ രോഗി മരിച്ചു

keralanews karnataka police blocked ambulance in kerala boarder patient died with out getting treatment

കാസർകോഡ്:കേരള അതിര്‍ത്തിയിലെ ജനങ്ങളോട് കര്‍ണാടക സര്‍ക്കാരിന്റെ ക്രൂരതക്ക് അയവില്ല. കേരളത്തില്‍ നിന്നുള്ള ആംബുലന്‍സുകളെ അതിർത്തിയിൽ കര്‍ണാടക പൊലീസ് തടഞ്ഞ് തിരിച്ചയക്കുന്നത് തുടരുന്നു. മംഗളൂരുവിലെ ആശുപത്രിയിലേക്ക് ചികിത്സക്കായി പോയ 90 വയസ്സുള്ള വൃദ്ധയെ പൊലീസ് തലപ്പാടി അതിര്‍ത്തിയിൽ തടഞ്ഞ് തിരിച്ചയച്ചു.ഇതേ തുടർന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചു.കർണാടക ബി.സി റോഡ് സ്വദേശിനി പാത്തുഞ്ഞിയാണ് മരിച്ചത്.ബിസി റോഡിലുള്ള വീട്ടിൽ നിന്നും രണ്ടാഴ്ച മുന്‍പാണ് 90കാരിയായ പാത്തുഞ്ഞി മഞ്ചേശ്വരം ഉദ്യാവറിലെ പേരക്കുട്ടിയുടെ വീട്ടിലെത്തിയത്. ഇന്നലെ ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ട് പോവുന്നതിനിടെ തലപ്പാടിയിലെ അതിർത്തിയിൽ പൊലീസ് ആംബുലൻസ് തടഞ്ഞു. 90 വയസ്സുള്ള രോഗിയാണ് ആംബുലൻസിലുള്ളതെന്ന് അറിയിച്ചിട്ടും പൊലീസ് യാത്ര തുടരാൻ അനുവദിച്ചില്ല.കരഞ്ഞ് പറഞ്ഞിട്ടും കര്‍ണാടക പൊലീസ് രോഗിയുമായി മംഗളൂരുവിലേക്ക് പോകാന്‍ അനുവദിച്ചില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അസ്ലം കുഞ്ചത്തൂര്‍ പറഞ്ഞു.മറ്റ് വഴികളിലൂടെ പോകാന്‍ ശ്രമിച്ചെങ്കിലും അതും പൊലീസ് തടഞ്ഞു. പിന്നാലെ ചികിത്സ കിട്ടാതെ രോഗി മരിക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് ആംബുലന്‍സ് കടത്തിവിടുന്നില്ലെങ്കില്‍ മംഗളൂരുവില്‍ നിന്ന് മറ്റൊരു ആംബുലന്‍സ് വരുത്തി രോഗിയെ ആശുപത്രിയിലെത്തിക്കണമെന്ന് കെഞ്ചി പറഞ്ഞിട്ടും പൊലീസ് നിലപാട് മാറ്റിയില്ലെന്ന് അസ്ലം പറഞ്ഞു.കഴിഞ്ഞ ദിവസം കുഞ്ചത്തൂരില്‍ താമസിക്കുന്ന ബീഹാര്‍ പാറ്റ്‌ന സ്വദേശി വിനന്തഗൗരി ദേവിയുടെ യാത്ര പൊലീസ് തടഞ്ഞതോടെ ആംബുലൻസിൽ പ്രസവിച്ചിരുന്നു.കര്‍ണാടക പൊലീസ് തിരിച്ചയച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയായിരുന്നു പ്രസവം. ചികിത്സക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാവാത്തതോടെ മഞ്ചേശ്വരം തുമിനാട് സ്വദേശി അബ്ദുല്‍ ഹമീദ് ചികിത്സ കിട്ടാതെ മരിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി റോഡുകള്‍ കര്‍ണാടക പൂര്‍ണമായും അടച്ചതോടെ മംഗളൂരുവില്‍ സ്ഥിരമായി ചികിത്സ തേടുന്ന നിരവധി രോഗികളാണ് പ്രയാസത്തിലായത്.

Previous ArticleNext Article